അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണം; ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച മുൻ മുഖ്യ ശിഷ്യനെയും ക്ഷേത്ര പൂജാരിയെയും അറസ്‌റ്റ് ചെയ്‌തു
ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചവരെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. നരേന്ദ്ര ഗിരിയുടെ മുൻ മുഖ്യ ശിഷ്യൻ ആനന്ദ് ഗിരിയെയും പ്രയാഗ്‌രാജ് ബഡേ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി ആദ്ധ്യ തിവാരി, ഇയാളുടെ മകൻ സന്ദീപ് തിവാരി എന്നിവരെയുമാണ് കസ്‌റ്റഡിയിലെടുത്തത്.
ആത്മഹത്യാ കുറിപ്പിൽ ഏഴ്,എട്ട് പേജുകളിൽ ആദ്ധ്യ തിവാരിയുടെ പേര് പരാമർശിച്ചിരിക്കുന്നതിനാലാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. ആദ്ധ്യ തിവാരി മൂലം മാനസികമായി നരേന്ദ്ര ഗിരി വളരെ വിഷമിച്ചിരുന്നു. എന്നാൽ തന്റെ പേര് ആത്മഹത്യാ കുറിപ്പിൽ വന്നത് ഗൂഢാലോചനയാണെന്ന് ആനന്ദ് ഗിരി പ്രതികരിച്ചു. 'ഗുരുവിൽ നിന്ന് പണം തട്ടിയെടുത്തവർ കത്തിൽ എന്റെ പേര് ഉൾപ്പെടുത്തിയതാണ്. ജീവിതത്തിൽ ഒരു കത്തും എഴുതാത്ത ഗുരുജി കത്തെഴുതിയതിൽ അന്വേഷണം വേണം. അദ്ദേഹത്തിന്റെ കൈയക്ഷരം പരിശോധിക്കണം'. ആനന്ദ് ഗിരി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് (എബിഎപി). തിങ്കളാഴ്‌ച വൈകുന്നേരം 5:30ഓടെയാണ് മഠത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മഹന്ദ് നരേന്ദ്ര ഗിരിയെ കണ്ടെത്തിയത്. പ്രയാഗ്‌രാജ് ഐ.ജി കെ.പി സിംഗ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. ആദ്യ സൂചനകളനുസരിച്ച് ആത്മഹത്യയാണെന്ന് കരുതുന്നതായാണ് പൊലീസ് അറിയിച്ചത്. സ്ഥലത്തുനിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ മഹന്ദ് നരേന്ദ്ര ഗിരി തന്റെ ശിഷ്യന്മാർ കാരണം മനോവിഷമം അനുഭവിച്ചിരുന്നതായി സൂചനകളുണ്ട്.