ഗുജറാത്തിലെ തുറമുഖത്ത് പിടിച്ചത് താലിബാന്റെ ഹെറോയിൻ, മൂല്യം 19000 കോടി; രണ്ടുപേർ അറസ്‌റ്റിൽ

Tuesday 21 September 2021 4:08 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് പിടികൂടിയ 19,000 കോടി രൂപയുടെ ഹെറോയിൻ ഇറാനിലെ തുറമുഖത്തിൽ നിന്നും അയച്ചതെന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡി.ആർ.ഐ) അറിയിച്ചു. അഫ്ഗാനിൽ നിന്നുള‌ള ഹെറോയിനാണിതെന്നും രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതായും ഡി.ആ‌ർ.ഐ. എന്നാൽ ഇവരെ പരിശോധനയ്‌ക്കിടെയല്ല അറസ്‌റ്റ് ചെയ്‌തത്. 2000, 1000 കിലോയുള‌ള രണ്ട് കണ്ടയ‌്നറുകളിൽ വെണ്ണക്കല്ലുകളാണെന്ന പേരിലാണ് ഹെറോയിൻ എത്തിച്ചത്.

അഫ്ഗാൻ പൗരന്മാർക്ക് ലഹരിക്കടത്തിൽ നേരിട്ട് പങ്കുണ്ട്. മുണ്ട്രയ്‌ക്ക് പുറമെ ഡൽഹി, ചെന്നൈ, മാണ്ഡവി, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളിലും ഇതേസമയം പരിശോധന നടന്നു. ലോകത്ത് 80 ശതമാനം ഹെറോയിനും എത്തുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണ്. 25 വർഷം മുൻപ് താലിബാൻ അഫ്ഗാനിൽ ഭരണത്തിലെത്തിയപ്പോഴുള‌ളതുപോലെ ഇപ്പോഴും ഹെറോയിൻ ഉൽപാദനവും വിപണനവും വലിയ തോതിൽ വർദ്ധിച്ചു. ഏറ്റവുമധികം ഹെറോയിൻ ഉൽപാദിപ്പിക്കുന്ന രാജ്യം ഇപ്പോൾ അഫ്ഗാനാണ്. ആന്ധ്രയിലെ വിജയവാഡയിലുള‌ള ആഷി ട്രേഡിംഗ് കമ്പനിയിലേക്കാണ് ഇവ കയറ്റിയയച്ചത്. ജൂലായ് മാസത്തിൽ നവി മുംബയിൽ നിന്നും 300 കിലോയോളം ഹെറോയിൻ പിടികൂടിയിരുന്നു. ഇറാനിലെ തുറമുഖത്തിൽ നിന്നായിരുന്നു ഇവയും കയറ്റിയയച്ചിരുന്നത്.