കാശ്‌മീരിൽ തകർന്നുവീണ ഹെലികോപ്‌റ്ററിലെ പൈലറ്റും സഹ പൈലറ്റും മരിച്ചു; സംഭവം നിർബന്ധിത ലാന്റിംഗിന് ശ്രമിക്കവെ

Tuesday 21 September 2021 5:04 PM IST

ജമ്മു: കാശ്‌മീരിൽ ഉദ്ദംപൂരിൽ പട്നിടോപ് ഏരിയയിൽ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നുവീണ സൈനിക ഹെലികോപ്‌റ്ററിലെ പൈലറ്റും സഹപൈലറ്റും മരിച്ചു. മേജർ രോഹിത് കുമാർ, മേജർ അനുജ് രാജ്പുത് എന്നീ ജവാന്മാർക്കാണ് ജീവൻ നഷ്‌ടമായത്. അപകടമുണ്ടായ ഉടൻ നാട്ടുകാരും പൊലീസും പൊലീസും സൈന്യവും ചേർന്ന് ഇരുവരെയും പുറത്തെടുത്തിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരിശീലന പറക്കലിനിടെയാണ് കടുത്ത മൂടൽമഞ്ഞിനെ തുടർന്ന് നിർബന്ധിത ലാൻഡിംഗിന് ശ്രമിക്കവെയാണ് ചീറ്റ വിഭാഗത്തിലെ ഹെലികോപ്റ്റർ തകർന്നുവീണതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. നഗ്രോട്ടയിലെ സൈനിക ആസ്ഥാനത്ത് നിന്നാണ് ഹെലികോപ്‌റ്റർ ചൊവ്വാഴ്‌ച രാവിലെ പറന്നുയർന്നത്. മുൻപ് ഓഗസ്റ്റ് മൂന്നിന് കത്വയിൽ രഞ്ജിത് സാഗർ ഡാം തടാകത്തിലേക്ക് ഒരു ഹെലികോപ്റ്റർ തകർന്ന് വീണിരുന്നു.