മുസ്ലീംലീഗിൽ സമാന്തര കമ്മിറ്റി

Wednesday 22 September 2021 12:05 AM IST

തളിപ്പറമ്പ്: ഗ്രൂപ്പ് പോര് രൂക്ഷമായ ജില്ലാ മുസ്ലിം ലീഗിൽ പുതിയ പ്രതിസന്ധി. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ ലീഗിന്റെയും പോഷകസംഘടനകളുടെയും എല്ലാ കമ്മിറ്റികളും പിരിച്ചുവിടാൻ ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചതിനു പിന്നാലെ വിമതവിഭാഗം സമാന്തര കമ്മിറ്റികൾ രൂപീകരിച്ചു. മുസ്ലിം ലീഗിന് പുറമെ യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പെടെ പോഷക സംഘടനകൾക്കും വൈറ്റ് ഗാർഡിനുമാണ് സമാന്തര കമ്മിറ്റി രൂപീകരിച്ചത്. പാർട്ടി ശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്ന് ഇതിന് മുൻകൈയെടുത്ത നേതാക്കൾ വ്യക്തമാക്കി.

തളിപ്പറമ്പിൽ വർഷങ്ങളായി യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി.കെ സുബൈറും അള്ളാംകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് തുടരുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൾഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് മുൻസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി പിരിച്ചുവിട്ട് സമവായത്തിലൂടെ ഇരുവിഭാഗത്തിനും തുല്യപ്രാതിനിധ്യം നൽകി കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ടുള്ള മണ്ഡലം ഭാരവാഹികളുടെ യോഗത്തിലേക്ക് പി.കെ. സുബൈറിന്റെ വിഭാഗത്തിൽപ്പെട്ട കുറച്ചു പേരെത്തി പിരിച്ചുവിട്ട കമ്മിറ്റി പുനർജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് നേതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് അള്ളാംകുളം വിഭാഗം ആരോപിച്ചു. പിരിച്ചുവിട്ട കമ്മിറ്റി പുനഃസ്ഥാപിച്ചതായി പിറ്റേന്ന് പത്രങ്ങളിൽ വായിച്ചറിഞ്ഞുവെന്നും അതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയില്ലെന്നും വിമതവിഭാഗം നേതാക്കളായ കെ. മുഹമ്മദ്ബഷീർ, നഗരസഭ കൗൺസിലർ സി. മുഹമ്മദ് സിറാജ്, മുൻ നഗരസഭ കൗൺസിലർ പി.എം. മുസ്തഫ, പി.എ.സിദിഖ് പി.പി. ഇസ്മയിൽ എന്നിവർ ആരോപിച്ചു.

സമാന്തര കമ്മിറ്റിയുണ്ടാക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചത് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദാണ്. കുഞ്ഞിമുഹമ്മദും കെ.പി. താഹിറും ചേർന്ന കച്ചവട സംഘമാണ് ജില്ലാ നേതൃത്വത്തെ നയിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. നീതി ലഭിക്കാത്ത സാഹചര്യത്തിൽ പ്രവർത്തകർ മറ്റുപാർട്ടികളിലേക്ക് പോകുന്നത് തടയാനാണ് പുതിയ കമ്മിറ്റികളുണ്ടാക്കിയതെന്നും വിമതനേതാക്കൾ വ്യക്തമാക്കി.

പിളർപ്പോടെ തളിപ്പറമ്പ് നഗരസഭാ ഭരണവും പ്രതിസന്ധിയിലായിട്ടുണ്ട്. ഏഴോളം കൗൺസിലർമാർ മറുപക്ഷത്ത് നിൽക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ ഏണി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവർ തന്നെ നഗരസഭ ഭരിക്കുമെന്നാണ് വിമതവിഭാഗം വ്യക്തമാക്കുന്നത്.

Advertisement
Advertisement