കാശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണു, രണ്ട് സൈനികർക്ക് വീരമൃത്യു

Wednesday 22 September 2021 12:00 AM IST

ശ്രീനഗർ: പരിശീലനപ്പറക്കലിനിടെ കരസേനയുടെ ഹെലികോപ്ടർ ജമ്മുകാശ്മീരിലെ ഉദ്ദംപൂരിലെ പട്നിടോപ് മലനിരകളിൽ തകർന്നുവീണ് രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ഏവിയേഷൻ ഹെലികോപ്ടറാണ് മോശം കാലാവസ്ഥ മൂലം തകർന്നത്. പൈലറ്റുമാരായ മേജർ രോഹിത് കുമാർ, മേജർ അനുജ് രാജ്പുത് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. നഗ്രോട്ടയിലെ സൈനിക ആസ്ഥാനത്ത് നിന്നാണ് ഹെലികോപ്ടർ പുറപ്പെട്ടത്. പൈലറ്റും കോ-പൈലറ്റും മാത്രമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മഞ്ഞുവീഴ്ച മൂലം കാഴ്ച മങ്ങിയതോടെ പൈലറ്റ് അടിയന്തര ലാൻഡിംഗിന് ശ്രമിക്കുകയും വിമാനം കുന്നിൻമുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തെത്തിയ പ്രദേശവാസികളാണ് രണ്ട് സൈനികരെയും പരിക്കുകളോടെ കണ്ടെത്തിയത്. പൈലറ്റുമാരെ ഹെലികോപ്ടറിൽ നിന്ന് പുറത്തേക്കെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അനുശോചിച്ചു.കഴിഞ്ഞ മാസം ജമ്മുവിലെ രഞ്ജിത് സാഗർ ഡാം പരിസരത്ത് വച്ച് സൈനിക ഹെലികോപ്ടർ തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തിരുന്നു.

Advertisement
Advertisement