രാജസ്ഥാൻ കോൺഗ്രസിലും കലാപക്കൊടി: നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്

Wednesday 22 September 2021 12:00 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രിയെ മാറ്റി പഞ്ചാബിലെ രാഷ്‌ട്രീയ കലാപം ഒരുവിധം അടക്കിയ കോൺഗ്രസ് നേതൃത്വത്തിന് അടുത്ത തലവേദനയുമായി രാജസ്ഥാനിൽ വിമത നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മാറ്റണമെന്നാവശ്യപ്പെട്ട് സച്ചിൻ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടു. ആവശ്യം തള്ളിയ കോൺഗ്രസ് നേതൃത്വം സച്ചിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള അനുനയ നീക്കങ്ങളാണ് പരിഗണിക്കുന്നത്.

പഞ്ചാബിൽ മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനെ മാറ്റുമെന്ന അഭ്യൂഹം ശക്തിപ്പെട്ടപ്പോൾ മുതൽ ജയ്‌പൂരിൽ സച്ചിന്റെ നേതൃത്വത്തിൽ വിമതർ ചർച്ചകൾ തുടങ്ങിയിരുന്നു. തുടർന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ നേരിട്ട് ഇടപെട്ടു. രോഗബാധിതനായി വിശ്രമത്തിൽ കഴിയുന്ന അശോക് ഗെലോട്ട് ഓഫീസിൽ തിരിച്ചെത്തിയാലുടൻ മന്ത്രിസഭാ വികസനവും പാർട്ടി പുനഃസംഘടനയും നടത്തുമെന്നാണ് അജയ് മാക്കൻ നൽകിയ വാഗ്‌ദാനം.

എന്നാൽ സച്ചിൻ പക്ഷക്കാരനായ പി.സി.സി ജനറൽ സെക്രട്ടറി മഹേഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള വിഭാഗം നേതൃമാറ്റം വേണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുന്നു. രാജസ്ഥാനിൽ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതിൽ സച്ചിന് നിർണായക പങ്കുണ്ടെന്നാണ് മഹേഷ് പറയുന്നത്. ഗെലോട്ടിന് ആവശ്യത്തിലധികം അവസരം നൽകിയെന്നും മുഖ്യമന്ത്രി പദം ഇനി സച്ചിനെ ഏൽപ്പിക്കണമെന്നുമാണ് ആവശ്യം.

സച്ചിന്റെ നേതൃത്വത്തിൽ ഇടഞ്ഞു നിന്ന വിമത എം.എൽ.എമാരെ ഹൈക്കമാൻഡ് നേരത്തെ അനുനയിപ്പിച്ചതാണ്. അന്ന് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് പരാതിയുണ്ട്. കൂടാതെ സച്ചിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗെലോട്ടിന് താത്പര്യവുമില്ല.

പഞ്ചാബ് മോഡൽ രാജസ്ഥാനിൽ നടപ്പാക്കാൻ ഹൈക്കമാൻഡിന് താത്പര്യമില്ല. അതിനാൽ സച്ചിനെ എങ്ങനെയും അനുനയിപ്പിക്കാനാണ് നീക്കം.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെതിരെ മന്ത്രിസഭയിലെ മുതിർന്ന നേതാവ് ടി.എസ്. സിംഗ്‌ദേവ് നടത്തുന്ന നീക്കങ്ങളും നേതൃത്വത്തിന് തലവേദനയാണ്. പാർട്ടിയിൽ പിന്തുണയുള്ള ബഘേലിനൊപ്പമാണ് ഹൈക്കമാൻഡ്.

Advertisement
Advertisement