അപകീർത്തിയോടെ ജീവിക്കാൻ കഴിയില്ല, നരേന്ദ്ര ഗിരിയുടെ ആത്മഹത്യ  സ്ത്രീയുടെ  ഫോട്ടോ വച്ച്  മുഖ്യശിഷ്യൻ  ബ്ളാക്ക്‌മെയിൽ  ചെയ്യുമെന്ന്  ഭയന്ന് 

Tuesday 21 September 2021 9:22 PM IST

ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാകുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിൻെറ മുഖ്യശിഷ്യനായ ആനന്ദ് ഗിരി തന്നെ ബ്ളാക്ക്‌മെയിൽ ചെയ്യുമെന്ന് ഭയന്നിരുന്നതായി ആത്മഹത്യാ കുറിപ്പ് സൂചന നൽകുന്നു. കത്തിൽ പരാമർശമുള്ളവരെ പൊലീസ് ഇതിനകം തന്നെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നരേന്ദ്ര ഗിരിയുടെ മുൻ മുഖ്യ ശിഷ്യൻ ആനന്ദ് ഗിരിയെയും പ്രയാഗ്‌രാജ് ബഡേ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി ആദ്ധ്യ തിവാരി, ഇയാളുടെ മകൻ സന്ദീപ് തിവാരി എന്നിവരെയുമാണ് കസ്‌റ്റഡിയിലെടുത്തത്.

ഉത്തർപ്രദേശിലെ പ്രയാഗ്ര്രാജിലെ ഭാഗാംബരി മഠത്തിലെ മുറിയിലാണ് മഹന്ത് നരേന്ദ്ര ഗിരി (72) യെ മരിച്ച നിലയിൽ കണ്ടെത്തിയത്. "ആനന്ദ് ഗിരി കാരണം എന്റെ മനസ് അസ്വസ്ഥമാണെന്നും , 2021 സെപ്തംബർ 13 ന് ഞാൻ എന്റെ ജീവൻ എടുക്കാൻ പോവുകയായിരുന്നു, പക്ഷേ ധൈര്യം ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നുണ്ട്. ആനന്ദ് ഗിരി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരു സ്ത്രീയോടൊപ്പം എന്റെ ഒരു ഫോട്ടോ എടുക്കുമെന്ന് എനിക്ക് വിവരം ലഭിച്ചു. ഞാൻ അപകീർത്തി ഭയപ്പെടുന്നു. അന്തസ്സോടെ ജീവിച്ചു, അപകീർത്തിയോടെ ജീവിക്കാൻ കഴിയില്ല.

ഇത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജീവനൊടുക്കുന്നുവെന്നുമാണ് ആത്മഹത്യാകുറിപ്പിൽ നരേന്ദ്ര ഗിരി എഴുതിയിട്ടുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് (എബിഎപി).