ടി.ഡി.എസിലുടക്കി ദേശീയപാത നഷ്ടപരിഹാരം മുടങ്ങി

Wednesday 22 September 2021 12:00 AM IST

സ്ഥലം ഏറ്റെടുപ്പിന് തിരിച്ചടി

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാര തുകയ്ക്ക് ആദായ നികുതി പിടിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തുക വിതരണം താത്കാലികമായി നിറുത്തിവച്ചു. തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗം ആറുവരി പാതയായി പുനർ നിർമ്മിക്കാനുള്ള പദ്ധതിക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാര തുകയ്ക്കാണ് ഹൈവേ ആക്ട് അനുസരിച്ച് ടി.ഡി.എസ് പിടിക്കാൻ നിർദ്ദേശിച്ചത്.

എന്നാൽ നിർബന്ധിത സ്ഥലമെടുപ്പായതിനാൽ 2013ലെ കേന്ദ്രസർക്കാർ നിയമത്തിലെ 96-ാം വകുപ്പ് അനുസരിച്ച് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ വിഭാഗവും ഇതേ നിലപാടിലാണ്. വിഷയത്തിൽ വ്യക്തത വരുത്താൻ സ്ഥലം ഏറ്റെടുക്കൽ വിഭാഗം സർക്കാരിൽ അപേക്ഷ നൽകി. തുടർന്നാണ് നഷ്പരിഹാര വിതരണം തിങ്കളാഴ്ച മുതൽ താത്കാലികമായി നിറുത്തിവച്ചത്. ആദ്യ 3 (ഡി) വിജ്ഞാപനം അനുസരിച്ച് രേഖകൾ ഹാജരാക്കിയ 404 പേർക്ക് 135.49 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. 154 പേരുടെ നഷ്ടപരിഹാരത്തിനുള്ള 49 കോടി രൂപയുടെ ചെക്ക് സ്ഥലം ഉടമകൾക്ക് നൽകി. ശേഷിച്ച 250 പേരുടെ 86.49 കോടി രൂപയുടെ ചെക്ക് എഴുതിയെങ്കിലും ടി.ഡി.എസ് തർക്കത്തെ തുടർന്ന് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

നഷ്ടപരിഹാരം നൽകിയത്

ഉടമകൾ: 154

തുക: 49 കോടി

"

ടി.ഡി.എസ് വിഷയത്തിൽ സർക്കാരിന് നൽകിയ കത്തിന്റെ മറുപടി ലഭിക്കും വരെ നഷ്ടപരിഹാര വിതരണം താത്കാലികമായി നിറുത്തി. ഹൈവേ ആക്ട് അനുസരിച്ച് ടി.ഡി.എസ് പിടിച്ചാൽ 2013ലെ നിയമം അനുസരിച്ച് വസ്തുഉടമകൾ കോടതിയെ സമീപിച്ചാൽ ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടിവരും.

ഡെപ്യൂട്ടി കളക്ടർ,

എൽ.എ വിഭാഗം, ആലപ്പുഴ