ഗുജറാത്തിൽ 20,000 കോടിയുടെ ഹെറോയിൻ വേട്ട,​ ഇ.ഡി അന്വേഷണം തുടങ്ങി

Wednesday 22 September 2021 12:00 AM IST

അഹമ്മദാബാദ്: ഗുജറാത്തി മുദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ 3,000 കിലോ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ലഹരിക്കടത്തിന് ബന്ധമുണ്ടെന്നാണ് നിഗമനം.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ ഇറാനിലെ തുറമുഖത്തുനിന്നാണ് ഗുജറാത്തിലേക്ക് അയച്ചതെന്നും സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതതായും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് അറിയിച്ചു. ദമ്പതികളായ സുധാകറിനെയും വൈശാലിയെയും ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. ഇവരെ കച്ചിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു.

കഴിഞ്ഞദിവസമാണ് മുദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്നറുകളിൽ ടാൽകം പൗഡറാണെന്ന വ്യാജേനയെത്തിച്ച ലഹരിമരുന്ന് പിടികൂടിയത്. ഒരു കണ്ടെയ്നറിൽനിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്നറിൽനിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡവി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഡി.ആർ.ഐ. റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കടത്തിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ ഹെറോയിൻ ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്.

Advertisement
Advertisement