വാക്സിനുമുണ്ടോ വർണ മേധാവിത്വം ?

Wednesday 22 September 2021 1:00 AM IST

ഇന്ത്യയിൽ രണ്ടു ഡോസ് കൊവിഷീൽഡ് വാക്സിൻ എടുത്തവർക്കും ബ്രിട്ടനിൽ പ്രവേശിക്കുമ്പോൾ പത്തുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ്. പഴയ കൊളോണിയൽ പാരമ്പര്യത്തിൽ ഇപ്പോഴും അഭിരമിക്കാൻ വെമ്പുന്നവർക്ക് ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്ന വാക്സിനോട് അലർജി തോന്നുക സ്വാഭാവികമാണ്. എന്നാൽ കൊവിഷീൽഡ് ബ്രിട്ടനിലെ തന്നെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക കമ്പനിയും ചേർന്ന് നടത്തിയ ഗവേഷണ ഫലമായി പുറത്തുവന്നതാണെന്ന യാഥാർത്ഥ്യം മറന്നുകൊണ്ടാണ് ബ്രിട്ടീഷ് ഗവൺമെന്റ് തീർത്തും യുക്തിരഹിതവും സാങ്കേതിക നിലനില്പില്ലാത്തതുമായ നിയന്ത്രണത്തിന് ഒരുങ്ങുന്നത്. ആദ്യനാളുകളിൽ കൊവിഷീൽഡിന്റെ അൻപതുലക്ഷം ഡോസ് ബ്രിട്ടനും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നുവെന്ന കാര്യവും സ്മരണീയമാണ്. ഇറക്കുമതി ചെയ്ത ആ വാക്സിൻ എന്തായാലും ഓടയിൽ ഉപേക്ഷിച്ചിരിക്കാൻ വഴിയില്ല. തീർച്ചയായും അത് ഉപയോഗിച്ചുകാണും. ഇന്ത്യയിൽ നിന്ന് രണ്ടു ഡോസ് കൊവിഷീൽഡ് എടുത്തവരും ബ്രിട്ടനിലെത്തിയാൽ ഏകാന്തവാസത്തിനു പോകണമെന്നു നിർബന്ധിക്കുന്ന അധികാരികൾ ഫലത്തിൽ അവരുടെതന്നെ വാക്സിനിൽ അവിശ്വാസം പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്. ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചവർക്കു പത്തുദിവസത്തെ ക്വാറന്റൈൻ മാത്രമല്ല കൊവിഡ് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. ഒക്ടോബർ നാല് മുതലാണ് നിബന്ധന പ്രാബല്യത്തിലാകുന്നത്. ഇന്ത്യയിൽ നിന്നെത്തുന്നവർക്കു മാത്രമല്ല റഷ്യ, തായ്‌ലൻഡ്, യു.എ.ഇ, തെക്കെ അമേരിക്ക എന്നിവിടങ്ങളുൾപ്പെടെ ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിബന്ധന ബാധകമാക്കിയിട്ടുണ്ട്.

കൊവിഷീൽഡ് വാക്സിൻ ആവശ്യമായ എല്ലാ പരീക്ഷണങ്ങൾക്കും ശേഷമാണ് അംഗീകാരം നേടിയിട്ടുള്ളത്. മനുഷ്യരിൽ മൂന്നുവട്ടം പരീക്ഷണം വിജയകരമായി പൂർത്തിയാക്കി പാർശ്വഫലങ്ങളൊന്നുമില്ലെന്നു പൂർണമായും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ യജ്ഞത്തിൽ കൊവിഷീൽഡാണ് മുഖ്യപങ്കു വഹിക്കുന്നത്. കൊവിഷീൽഡിനു പിന്നാലെ ഭാരത് ബയോടെക് ഉത്‌പാദിപ്പിക്കുന്ന കോവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ഈ വാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രകൾക്ക് വിലക്ക് പ്രാബല്യത്തിലുണ്ട്. എന്നാൽ കൊവിഷീൽഡ് എടുത്തതിന്റെ പേരിൽ വിലക്ക് കല്പിക്കുന്ന രാജ്യങ്ങൾ നന്നേ അപൂർവമാണ്. അമേരിക്ക പോലും ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ ഘട്ടത്തിൽ വാക്സിൻ കയറ്റുമതി നിരോധിച്ചില്ലായിരുന്നുവെങ്കിൽ കോടിക്കണക്കിനു ഡോസ് വാക്സിൻ ഇതിനകം ലോകരാജ്യങ്ങളിൽ എത്തുമായിരുന്നു. കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബറിൽ വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഒരുങ്ങുകയാണ്. ലോകത്തിനുതന്നെ ഇന്ത്യയിൽ നടക്കുന്ന വാക്സിൻയജ്ഞം മഹാമാതൃകയായിക്കഴിഞ്ഞിട്ടുണ്ട്. ജനസംഖ്യയിൽ ലോകത്ത് രണ്ടാംസ്ഥാനത്തുനിൽക്കുന്ന ഇന്ത്യ ഇതിനകം അഭിമാനകരമായ പുരോഗതിയാണ് വാക്സിനേഷനിൽ കാഴ്ചവച്ചിട്ടുള്ളത്. കൊവിഷീൽഡിന്റെ ഫലപ്രാപ്തിയിലും വിശ്വാസ്യത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇവ്വിധമായിരിക്കെ ബ്രിട്ടന്റെ പുതിയ നിബന്ധന പഴയ വർണവെറിയുടെ പുതുരൂപമായിട്ടേ കാണാനാവൂ. വാക്സിനിലും വർണവിവേചനം പുലർത്തുന്ന ഈ സമീപനം ഇതിനകം ലോകത്ത് ചർച്ചയായിക്കഴിഞ്ഞു. ഒരുകാലത്ത് ലോകത്ത് പലേടത്തും കോളനികൾ സ്ഥാപിച്ച് രാജ്യങ്ങളെ വരുതിയിലാക്കി അവിടങ്ങളിൽ നിന്ന് കിട്ടാവുന്നത്ര സമ്പത്തുകൾ കൈവശപ്പെടുത്തി സാമ്രാജ്യത്വം സ്ഥാപിച്ചവർ ഇപ്പോഴും തങ്ങളാണ് അധിപന്മാരെന്ന മട്ടിൽ മെഡിക്കൽ എത്തിക്സിനുപോലും നിരക്കാത്തവിധം വാക്സിനിൽ വിവേചനം കാണാൻ ശ്രമിക്കുകയാണ്. ഇന്ത്യ തീർച്ചയായും ബ്രിട്ടന്റെ ഈ സങ്കുചിത സമീപനത്തിനെതിരെ പ്രതിഷേധിക്കുക തന്നെ വേണം. ജനങ്ങൾ ഒന്നാകെ ഈ വിഷയത്തിൽ സർക്കാരിന്റെ പിന്നിൽ അണിനിരക്കുകയും വേണം.