കാഞ്ഞിരംകുളം സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ പ്രവർത്തനം ഗണപതിക്കല്യാണം പോലെ

Wednesday 22 September 2021 1:33 AM IST

പൂവാർ: കാഞ്ഞിരംകുളം സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പൂ‍ർണമായും തുറന്ന് പ്രവർത്തിക്കുന്നില്ല. പുതിയ കെട്ടിടം സ്ഥാപിച്ചിട്ടും പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

കാഞ്ഞിരംകുളം സബ് രജിസ്ട്രാർ ആദ്യം പ്രവർത്തനം ആരംഭിക്കുന്നത് നെല്ലിക്കാക്കുഴിയിലെ വാട്ടർ അതോറിട്ടി ഓഫീസിന് എതിർവശത്തായിരുന്നു. അവിടെ നിന്ന് 30 വർഷങ്ങൾക്ക് മുമ്പ് സ്വന്തം കെട്ടിടത്തിലേക് മാറുകയായിരുന്നു. കാലക്രമേണെ കെട്ടിടം ശോച്യാവസ്ഥയിലായി.

ഓടിട്ട കെട്ടിടം പൂർണമായും ജീർണിച്ച അവസ്ഥയിലെത്തി. മഴക്കാലത്ത് ചോർന്നൊലിച്ച് വിലപ്പെട്ട റെക്കാഡുകൾ പലതും നഷ്ടപ്പെട്ടു. രാത്രിയിൽ തട്ടിൻ മുകളിലും ഫയലുകൾക്കിടയിലും എലിയും മരപ്പട്ടിയും താവളമാക്കി. ഓഫീസ് തുറക്കുമ്പോൾ ഇവയുടെ മലമൂത്ര വിസർജ്യങ്ങൾ നീക്കം ചെയ്യൽ ജീവനക്കാർക്ക് ഒരു പ്രധാന ജോലിയായിമാറി. ഫയലുകൾ സുരക്ഷിതമായി വയ്ക്കുന്നതിനോ, മഴയും കാറ്റുമുള്ളപ്പോൾ കെട്ടിടത്തിനകത്ത് ഭയം കൂടാതെ ഇരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമായത്. നാട്ടുകാരും ജീവനക്കാരും ഇതിനായി നിരന്തര പ്രക്ഷോഭം ആരംഭിച്ചു. പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളും സാംസ്കാകാരിക സംഘടനകളും സമരം ഏറ്റെടുത്തു. ഒടുവിൽ പുതിയ കെട്ടിടം വരും എന്ന ഉറപ്പ് ലഭിച്ചതോടെ സമരം അവസാനിപ്പിച്ചു. തുടർന്ന് 2018-ൽ ചാണിയിലെ വാടക കെട്ടിടത്തിലേക്ക് താത്കാലികമായി സബ് രജിസ്ട്രാർ ഓഫീസിനെ മാറ്റി. ഇവിടെ പ്രതിമാസം 16523 രൂപയാണ് വാടക. എന്നാൽ ഫയലുകളും മറ്റും സുരക്ഷിതമായി വയ്ക്കാനുളള സ്ഥലപരിമിതിയുമുണ്ട്.

ഇവിടേക്ക് എത്താനും അസൗകര്യമുണ്ട്. ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടും പുതിയ കെട്ടിടം പ്രവർത്തിപ്പിക്കാത്തതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. അതിനാൽ എത്രയും വേഗം പുതിയ കെട്ടിടം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പിൽ കാലപ്പഴക്കം ചെന്ന

കെട്ടിടങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചത്.

നിർമ്മാണ ചെലവ് 77.15 ലക്ഷം രൂപയാണ്.

2020 ഒക്ടോബർ 10 ആണ് വർക്ക് പൂർത്തീകരിക്കേണ്ട എഗ്രിമെന്റ് തിയതി.

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

90 ശതമാനം പണി മാത്രമെ ഇപ്പോഴും പൂർത്തിയായിട്ടുള്ളു.

2020 ഒക്ടോബർ 16 ന് ഓഫീസ് ഉദ്ഘാടനം നടന്നു.

Advertisement
Advertisement