ഗുരുദേവ പ്രതിമ ഡൽഹിയിൽ സ്ഥാപിക്കണം: പി.സി. തോമസ്

Wednesday 22 September 2021 1:15 AM IST

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ പൂർണകായ പ്രതിമ ഡൽഹിയിൽ സ്ഥാപിക്കണമെന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു.

താൻ എം.പിയായിരുന്നപ്പോൾ ഈ ആവശ്യം പാർലമെന്റിലും മറ്റു വേദികളിലും ഉന്നയിച്ചിട്ടുണ്ട്. അതിനുവേണ്ടി ചില പഠനങ്ങളും നടന്നു. സ്ഥലം കണ്ടെത്താനുള്ള നടപടി ആരംഭിച്ചിരുന്നു. തുടർ നടപടിയുണ്ടായില്ല. ഡൽഹിയുടെ സുപ്രധാനമായ ഒരു സ്ഥലത്ത് ഗുരുദേവപ്രതിമ സ്ഥാപിക്കുന്നതും, ഗുരുദേവ സന്ദേശങ്ങൾ അവിടെ ആലേഖനം ചെയ്യുന്നതും രാജ്യത്തിന്റെ യശ്ശസ്സിന് ഗുണകരമായിരിക്കുമെന്ന് തോമസ് പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു. തോമസ് എം.പിയായിരുന്നപ്പോൾ ഗുരുദേവ നാണയം ഇറക്കാനും ,"ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവ്", എന്ന് അതിൽ ആലേഖനം ചെയ്യിക്കാനും കഴിഞ്ഞിരുന്നു.