പെൺകുട്ടികളുടെ വിദ്യാഭ്യാസം : തീരുമാനം ഉടനെന്ന് താലിബാൻ

Wednesday 22 September 2021 1:54 AM IST

കാബൂൾ : രാജ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് നിരവധി ചോദ്യങ്ങളുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി താലിബാൻ നേതൃത്വം. രാജ്യത്തെ പെൺകുട്ടികൾക്കും വൈകാതെ തന്നെ സ്‌കൂളിലേക്ക് മടങ്ങാനാവുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ ഘട്ടത്തിലാണെന്നും മാർഗ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും സബീഹുള്ള കൂട്ടിച്ചേർത്തു.

രാജ്യത്ത് ഹൈസ്‌കൂൾ - ഹയർ സെക്കന്ററി ക്ലാസുകൾ ഈ ആഴ്ച ആരംഭിച്ചെങ്കിലും എല്ലാ പുരുഷ അദ്ധ്യാപകരും 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളും സ്‌കൂളുകളിലേക്ക് വരണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. വനിതാ അദ്ധ്യാപകരുടേയും പെൺകുട്ടികളുടേയും സ്കൂൾ പ്രവേശവനം സംബന്ധിച്ച് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാതിരുന്നത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താലിബാൻ രംഗത്തെത്തിയത്. നിലവിൽ താലിബാന്റെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരു ക്ലാസ്മുറിയിലിരുന്ന് പഠിക്കുന്നത് നിരോധിച്ചിട്ടുണ്ട്.