ഇനി കർക്കശ നയതന്ത്രത്തിന്റെ പുതുയുഗമെന്ന് ബൈഡൻ

Wednesday 22 September 2021 2:14 AM IST

വാഷിംഗ്ടൺ : മുൻകാലങ്ങളിൽ നടന്ന യുദ്ധത്തെക്കുറിച്ച് ആലോചിച്ച് സമയം കളയാതെ കർക്കശ നയതന്ത്രത്തിന്റെ പുതുയുഗം തുറക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിൽ നിന്നുള്ള യു.എസ് സേനാപിന്മാറ്റം പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരുടേയും കൂട്ടായ നല്ല ഭാവിക്കായി തങ്ങളുടെ സഹായ സഹകരണം സമയവും ചിലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യവും കർക്കശവുമായ പുതിയ നയതന്ത്ര ശൈലി അമേരിക്ക സ്വീകരിക്കാനാഗ്രഹിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. സൈനിക ശക്തി പ്രയോഗിക്കേണ്ടിടത്ത് അതിന് മടിക്കില്ലെന്നും എന്നാൽ ഏറ്റവും അവസാന മാർഗമെന്ന നിലയിലാണ് അതിനെ കാണാനാഗ്രഹിക്കുന്നതെന്നും ബൈഡൻ പറഞ്ഞു. പൂർത്തീകരിക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾ മാത്രമേ ഏറ്റെടുക്കൂവെന്നും ഇതിനായി അമേരിക്കൻ പൗരന്മാരുടേയും സംഖ്യകക്ഷികളുടേയും പിന്തുണ ഉറപ്പു വരുത്തുമെന്നും ബൈഡൻ പറഞ്ഞു. ബോംബുകളും ബുള്ളറ്റുകളും കൊണ്ട് കൊവിഡ് വകഭേദങ്ങളെ തുരത്താനാവില്ലെന്നും അതിന് ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോക രാഷ്ട്രങ്ങൾ ഒന്നിച്ച് നില്ക്കണമെന്നും ബൈഡൻ അഭ്യർത്ഥിച്ചു. ലോകരാജ്യങ്ങളെ പ്രാദേശികമായി ഭിന്നിപ്പിക്കാനോ പുതിയ ശീതയുദ്ധങ്ങൾക്കോ യു.എസിന് താത്പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ സംസാരിച്ച യു.എൻ സെക്രട്ടറി ജനറൽ ലോകത്ത് നിലനിൽക്കുന്ന വാക്സിൻ അസമത്വത്തെ രൂക്ഷമായി വിമർശിച്ചു. സമ്പന്ന രാഷ്ട്രങ്ങളിലെ ഭൂരിഭാഗം പേരും വാക്സിനേഷൻ പൂർത്തിയാക്കിയപ്പോൾ ആഫ്രിക്കയിലെ 90 ശതമാനം പേരും ഇപ്പോഴും ഒരു ഡോസ് വാക്സിൻ പോലും. സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളിൽ ലോകരാജ്യങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.