വിയ്യൂരിലെ മുൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഫലം തഥൈവ

Wednesday 22 September 2021 2:35 AM IST

തൃശൂർ: വിയ്യൂർ ജയിലിൽ തടവുകാരുടെ ഫോൺ വിളി സംബന്ധിച്ച അന്വേഷണം മുമ്പും ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. 2019ൽ ജയിൽവകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി ഫോൺ കണ്ടെടുത്ത സാഹചര്യത്തിലായിരുന്നു അന്വേഷണം. ഫോണിലെ കോൾ വിവരം പരിശോധിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് കൊടി സുനി ഉൾപ്പെടെ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണിലേക്ക് വിളിച്ച പലരെയും പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷവും ജയിലിലിരുന്ന് ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്ന സംഭവവുമുണ്ടായി. സ്വർണ്ണക്കടത്തിൽ കൊടിസുനിക്ക് നേരെ ആരോപണം വന്നത് ഇതിന് ശേഷമാണ്. ഇത്തവണ, തടവുകാരുടെ ഫോൺ ഉപയോഗത്തിൽ ജയിൽ ഉദ്യോഗസ്ഥരും കുരുക്കിലാകുമെന്ന് വ്യക്തമായി. തടവുകാരുടെ ഫോൺ ഉപയോഗത്തിന് ഒത്താശ ചെയ്തുവെന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണിത്. സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നേരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും. തൃശൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പുറമെ തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മൊഴിയെടുക്കലുമായി ബന്ധപ്പെടുന്നുണ്ട്.

Advertisement
Advertisement