ഭിന്നശേഷി കുട്ടികളോടുള്ള സമീപനത്തിന് മാറ്റം അനിവാര്യം: മന്ത്രി എം.വി. ഗോവിന്ദൻ

Wednesday 22 September 2021 2:41 AM IST

പോത്തൻകോട്: ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ആരോഗ്യപരമായ മാറ്റം അനിവാര്യമാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിലെ മുഖ്യധാരയിലേക്കുയർത്തുന്നതിന് മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന സഹയാത്ര പദ്ധതിയുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ഡോ. മുഹമ്മദ് അഷീൽ, സംവിധായകൻ പ്രജേഷ് സെൻ, മാജിക് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ പ്രചാരണാർത്ഥം ഒക്ടോബർ 2, 3 തീയതികളിൽ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിക്കുന്ന സഹയാത്ര ഓൺലൈൻ പരിപാടി അരങ്ങേറും. പരിപാടിയിൽ മോഹൻലാൽ, കെ.എസ്. ചിത്ര, മഞ്ജുവാര്യർ എന്നിവർ ഓൺലൈനായും പിന്നണിഗായകരായ ജി. വേണുഗോപാൽ, മഞ്ജരി, കവി മുരുകൻ കാട്ടാക്കട, ഭിന്നശേഷിമേഖലയിൽ നിന്നും പ്രശസ്‌തരായ ധന്യാരവി, സ്വപ്‌ന അഗസ്റ്റിൻ, നൂർ ജലീല എന്നിവർ നേരിട്ടും പങ്കെടുക്കും.