അന്യ സംസ്ഥാന തൊഴിലാളിയായ ഹോട്ടൽ ജീവനക്കാരന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

Wednesday 22 September 2021 11:36 AM IST

തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളിയായ ഹോട്ടൽ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. ആസം സ്വദേശിയായ നൂർ ഷഹീനാണ് മർദ്ദനമേറ്റത്.തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹോട്ടൽ ജീവനക്കാരനായ നൂറിനെ ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘമാണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴിച്ച ശേഷം ബാക്കിയായ ഭക്ഷണം പാഴ്‌സൽ ചെയ്യാൻ മൂന്നംഗ സംഘം ആവശ്യപ്പെടുകയായിരുന്നു.

ഒരു ബിരിയാണി കൂടി സൗജന്യമായി നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് ഹോട്ടൽ ഉടമ പറയുന്നു. നൂർ ഷഹീൻ പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ പിന്നാലെ പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ പരാതി പിൻവലിച്ചുവെന്നാണ് സൂചന.