ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന് താലിബാൻ, പ്രധാന ഉദ്ദേശ്യം അന്താരാഷ്ട്ര തലത്തിലെ അംഗീകാരം, പിന്നിൽ മറ്റൊരു വമ്പൻ ലക്ഷ്യം കൂടി

Wednesday 22 September 2021 1:25 PM IST

കാബൂൾ: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ളിയിൽ ലോകനേതാക്കളുടെ മുന്നിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് താലിബാൻ. ഇക്കാര്യം ആവശ്യപ്പെട്ട് യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന് താലിബാൻ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുട്ടാഖ്വി കത്ത് നൽകി. കത്ത് ലഭിച്ചതായി ഗുട്ടറസിന്റെ വക്താവ് ഫർഹാൻ ഹഖ് സ്ഥിരീകരിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ളി സമാപിക്കുന്ന ദിവസമായ തിങ്കളാഴ്ച ലോകനേതാക്കളെ അഭിസംബോധന ചെയ്യാൻ അനുമതി നൽകണമെന്നാണ് താലിബാന്റെ ആവശ്യം. ഇതിനായി ദോഹയിലുള്ള താലിബാൻ വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യു എൻ വക്താവായി നിർദേശിച്ചിട്ടുമുണ്ട്.

എന്നാൽ നിലവിൽ ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്ഥാൻ പ്രതിനിധിയായി ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ളത് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഗുലാം ഇസാക്ക്സായിയെയാണ്. താലിബാൻ വക്താവിനെ അഫ്ഗാനിസ്ഥാൻ പ്രതിനിധിയായി അംഗീകരിച്ചാൽ നിലവിലെ അഫ്ഗാനിസ്ഥാൻ പ്രതിനിധിയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥാനം എന്താകുമെന്നതും ചോദ്യമാണ്.

ലോകരാഷ്ട്രങ്ങളെ അഭിസംബോധന ചെയ്യണമെന്ന താലിബാൻ ആവശ്യം നടക്കാൻ സാദ്ധ്യത കുറവാണ്. ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി ഗുട്ടറസിന്റെ വക്താവ് ഫർഹാൻ ഹഖിന്റെ വാക്കുകളനുസരിച്ച് താലിബാന്റെ ആവശ്യം ഐക്യരാഷ്ട്ര സഭയുടെ ഒൻപതംഗ കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. അമേരിക്ക, ചൈന, റഷ്യ എന്നിവരടങ്ങുന്നതാണ് ഈ കമ്മിറ്റി. സുഹൈൽ ഷഹീനെ അഫ്ഗാനിസ്ഥാൻ പ്രതിനിധിയായി അംഗീകരിക്കണമോ എന്ന് ഈ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. എന്നാൽ തിങ്കളാഴ്ചക്കു മുന്നേ കമ്മിറ്റി യോഗം ചേരാൻ സാദ്ധ്യത കുറവാണ്.

അതേസമയം താലിബാന്റെ ആവശ്യം അംഗീകരിക്കാമെന്ന നിലപാടിലാണ് ഐക്യരാഷ്ട്ര സഭ. താലിബാൻ ഇപ്പോൾ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാന് ലഭിച്ചു കൊണ്ടിരുന്ന ഫണ്ട് നിന്നുപോയതു കൊണ്ടാണെന്നും അത് വീണ്ടും ലഭിക്കാൻ അവർ എന്ത് വിട്ടു വീഴ്ചക്കും തയ്യാറാകുമെന്നും ഐക്യരാഷ്ട്ര സഭ കരുതുന്നു. ഈ ആവശ്യം മുന്നിൽ നിർത്തികൊണ്ട് അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും പരിഗണന കൊടുക്കാൻ താലിബാനെ നിർബന്ധിക്കാമെന്ന് ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.