ഇന്ത്യയുടെ വിരട്ടൽ ഫലിച്ചു, കൊവിഷീൽഡിനെ അംഗീകരിച്ച് ബ്രിട്ടൺ

Wednesday 22 September 2021 1:44 PM IST

ന്യൂഡൽഹി: അസ്ട്ര സെനക വാക്സിൻ അംഗീകരിക്കുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡ് അംഗീകരിക്കാതിരിക്കുകയും ചെയ‌്ത നടപടി തിരുത്തി ബ്രിട്ടൺ. ഇരട്ടത്താപ്പിനും വിവേചനത്തിനും എതിരെ ഇന്ത്യ അതേ നാണയത്തിൽ മുന്നറിയിപ്പ് നൽകിയതോടെയാണ് ബ്രിട്ടൺ അയഞ്ഞതെന്നാണ് സൂചന. എന്നാൽ ഇന്ത്യ നൽകുന്ന വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ബ്രിട്ടനിൽ എത്തുന്ന ഇന്ത്യക്കാർ ക്വാറന്റൈനിൽ തുടരേണ്ടി വരും.

കൊവിഷീൽഡ് രണ്ടു ഡോസും കുത്തിവച്ച് ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ, വാക്സിനേറ്റ് ചെയ്യാത്തവരായി കണക്കാക്കി പത്തു ദിവസം ക്വാറന്റൈനിലാക്കാനായിരുന്നു തീരുമാനം. ഇതു മാറ്റിയില്ലെങ്കിൽ ബ്രിട്ടീഷ് പൗരൻമാർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ ഇന്ത്യയും നിർബന്ധിതമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇന്നലെ ബ്രിട്ടനെ അറിയിച്ചിരുന്നു.

ന്യൂയോർക്കിൽ ഇന്നലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസുമായി ഈ പ്രശ്നം ചർച്ച ചെയ്തപ്പോഴാണ് ഇന്ത്യയുടെ നിലപാട് ജയശങ്കർ വ്യക്തമാക്കിയത്. ക്വാറന്റൈന് പുറമേ പി.സി.ആർ ടെസ്റ്റും മറ്റു നിയന്ത്രണങ്ങളും ഇന്ത്യക്കാർക്ക് ഏർപ്പെടുത്തുമെന്നാണ് ബ്രിട്ടൻ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

ബ്രിട്ടണിൽ നിർമ്മിക്കുന്ന ആസ്‌ട്രാസെനക എടുത്തവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് പറയുമ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്ന അതേ വാക്സിൻ വിലക്കുന്നത് വിവേചനമാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.