'തൂങ്ങിമരിച്ചയാളുടെ തലയിൽ മുറിവുണ്ടായിരുന്നു, ആത്മഹത്യാ കുറിപ്പെഴുതിയത് അദ്ദേഹമല്ല '; അഖാഡ പരിഷത് തലവന്റെ മരണത്തിൽ സംശയം ഉന്നയിച്ച് മറ്റൊരു സന്യാസി

Wednesday 22 September 2021 7:16 PM IST

ലക്‌നൗ: അഖാഡ പരിഷത് തലവൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജിന്റെ മരണത്തിൽ സംശയവുമായി നിരഞ്ജനി അഖാഡ മഹന്ത് രവീന്ദ്ര പുരി. മരണമടഞ്ഞ നരേന്ദ്ര ഗിരി മഹാരാജിന്റെ തലയിൽ പരിക്കുണ്ടായിരുന്നെന്നും കൈയക്ഷരം ഏതോ ബിരുദ വിദ്യാർത്ഥി എഴുതിയതുപോലെയാണെന്നുമാണ് രവീന്ദ്ര പുരി അഭിപ്രായപ്പെട്ടത്.

ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കവെയാണ് രവീന്ദ്ര പുരി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. 'തലയ്‌ക്ക് പരിക്കേറ്റ ഒരാൾക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാനാകുക. മാത്രമല്ല തൂങ്ങിമരിച്ച നിലയിൽ കണ്ട സ്വാമിയുടെ കണ്ണുകൾ പുറത്തേക്ക് വരികയോ നാക്ക് മുറിയുകയോ ഒന്നും ചെയ്‌തിട്ടില്ല. പിന്നെങ്ങനെ ഇത് തൂങ്ങിമരണമാകും?' രവീന്ദ്ര പുരി സംശയം ഉന്നയിക്കുന്നു. നരേന്ദ്ര ഗിരി എഴുതിയതെന്ന പേരിൽ ലഭിച്ച കത്തിലും രവീന്ദ്ര പുരി സംശയം ഉന്നയിക്കുന്നു. കത്ത് നരേന്ദ്ര ഗിരി എഴുതിയതല്ലെന്ന് അഭിപ്രായപ്പെട്ട രവീന്ദ്ര പുരി 'അത് ഏതോ ബിരുദവിദ്യാർത്ഥി എഴുതിയ കത്തുപോലെയുണ്ട്' എന്നും അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ബാഗംബരി മഠത്തിനുള‌ളിലാണ് നരേന്ദ്ര ഗിരി മഹാരാജിനെ തൂങ്ങിനിൽക്കുന്ന നിലയിൽ ശിഷ്യന്മാർ കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് നിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ മുൻ മുഖ്യശിഷ്യൻ ആനന്ദി ഗിരിയെയും മറ്റ് രണ്ടുപേരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.