കാപ്പി ബിരുദാനന്തര ബിരുദം ആരംഭിച്ച് ഇറ്റാലിയൻ സർവകലാശാല

Thursday 23 September 2021 1:24 AM IST

റോം:പിരിമുറക്കത്തിലിരിക്കുമ്പോൾ പാകത്തിന് മധുരവും കടുപ്പവുമുള്ള നല്ല ചൂടു കാപ്പി കിട്ടിയാലോ?. കാപ്പിപ്രേമികൾക്ക് പിന്നെ വേറൊന്നും വേണ്ട. കാപ്പി ഇഷ്ടപ്പെടുന്നവർ തുള്ളിച്ചാടുന്നൊരു വാർത്തയാണ് ഇറ്റലിയിലെ ഫ്ലോറൻസ് സർവകലാശാലയിൽ നിന്ന് കേൾക്കുന്നത്. കാപ്പി ശാസ്ത്രത്തെക്കുറിച്ച്ബിരുദാന്തര ബിരുദം ആരംഭിച്ചിരിക്കുകയാണ് ഫ്ലോറൻസ് സർവകലാശാല. ആദ്യ ബാച്ചിന്റെ ക്ലാസ് ജനുവരിയിൽ ആരംഭിച്ചിരുന്നു. കാപ്പിയെക്കുറിച്ചുള്ള സകലകാര്യങ്ങളും ഒൻപത് മാസം നീണ്ടുനിൽക്കുന്ന ഈ കോഴ്സിലൂടെ നിങ്ങൾക്ക് പഠിക്കാം. കാപ്പിയുടെ ഉത്ഭവം, രസതന്ത്രം, സാങ്കേതികത, സാമ്പത്തികശാസ്ത്രം എങ്ങനെ കാപ്പി ആളുകൾക്ക് നൽകാം ഇവയെല്ലാം പഠിപ്പിക്കും. മികച്ച കമ്പനികളിൽ നിന്ന് പരിശീലനവും ലഭിക്കും. ഇംഗ്ലീഷിലാണ് കോഴ്സ്. കോഴ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇറ്റാലിയൻ കാപ്പികുടിയന്മാ‌‌ർ

കടുത്ത കാപ്പിപ്രേമികളാണ് ഇറ്റലിക്കാർ. ഒരു ശരാശരി ഇറ്റാലിയൻ കാപ്പിപ്രേമി ഒരു വർഷം ആറ് കിലോ കാപ്പി കുടിക്കുന്നുണ്ട്. യൂറോപ്പിന്റെ മൊത്തം ശരാശരിയേക്കാൾ കൂടുതലാണിത്.

Advertisement
Advertisement