എല്ലാം പഠിച്ച് മന്ത്രിമാർ: ഇനി ഭരണത്തിൽ കാണാം

Thursday 23 September 2021 12:05 AM IST

തിരുവനന്തപുരം: ഭരണചക്രം എങ്ങനെ തിരിക്കണമെന്നും, ജനങ്ങൾക്കായി എപ്പോൾ എന്തെല്ലാം ചെയ്യണമെന്നും മന്ത്രിമാർക്ക് പിടികിട്ടി. മൂന്ന് ദിവസമായി ഐ.എം.ജിയിൽ നടന്ന പരിശീലനത്തിൽ വലിയൊരു ഉൗർജം കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് അവർ.

12 മണിക്കൂറാണ് ക്ളാസിലിരുന്നത്. അതിലൂടെ ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കാനായെന്ന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദനും, ഇനിയുള്ള ഓട്ടത്തിന് ഇത് ഇന്ധനം പകരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. ലക്ഷ്യങ്ങളിലേക്ക് എങ്ങനെ വേഗത്തിലെത്താമെന്നതിന് ക്ളാസ് ദിശ പകർന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വിലയിരുത്തി.

വിവിധ വകുപ്പുകളെ കാര്യക്ഷമമായി നയിക്കാനും പദ്ധതികൾ സമയ ബന്ധിതമായി തീർക്കാനുമുള്ള പരിശീലനമാണ് മന്ത്രിമാർക്ക് നൽകിയതെന്ന് ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ പറഞ്ഞു.

നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ ക്ളാസോടെയാണ് പരിശീലനം സമാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യദിനത്തിലെ ആദ്യത്തെയും അവസാന ദിനത്തിലെ അവസാനത്തെയും ക്ളാസിൽ പങ്കെടുത്തു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, യു.എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി, ഐ.ഐ.എം മുൻ പ്രൊഫസർ മാത്തുക്കുട്ടി എം. മോനിപ്പള്ളി, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ദ്ധ ഡോ. ഗീതാഗോപാൽ,, ടെക്നിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപ്, സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധൻ, വിജേഷ് റാം എന്നിവരും അദ്ധ്യാപകരായി.

Advertisement
Advertisement