ഗുജറാത്തിൽ നിന്നും കോടികളുടെ ഹെറോയിൻ പിടിച്ചെടുത്ത സംഭവം; അഫ്ഗാൻ പൗരന്മാരടക്കം എട്ടുപേർ പിടിയിൽ

Thursday 23 September 2021 12:35 AM IST

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലൂടെ 21,000 കോടി വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ അഞ്ച് അഫ്ഗാൻ പൗരന്മാരും ഒരു ഉസ്‌ബെക്കിസ്ഥാൻ പൗരനുമുൾപ്പടെ എട്ടുപേർ പിടിയിൽ. ബാക്കിയുള‌ളവർ ഇന്ത്യക്കാരാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

വിജയവാഡയിലെ ആഷി ട്രേഡിംഗ് കമ്പനിയുടെ പേരിൽ എത്തിയ രണ്ട് കണ്ടെയിനറുകളിൽ നിന്നാണ് 3000 കിലോയോളം ലഹരിവസ്‌തുക്കൾ പിടിച്ചത്. കമ്പനി ഉടമകളായ തമിഴ്‌നാട് സ്വദേശികൾ മച്ചാവരം സുധാകർ, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയിൽ അറസ്‌റ്റ് ചെയ്‌തു. ഇവരെ ഭുജിലെ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 10 ദിവസത്തെ ഡി.ആർ.ഐ കസ്‌റ്റഡിയിൽ വിട്ടു.

സംഭവത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്ഡിൽ ഡൽഹിയിൽ നിന്ന് 16 കിലോ ഹെറോയിനും ലഹരി വസ്‌തുക്കളും പിടികൂടി. നോയിഡയിൽ നിന്ന് ഹെറോയിൻ, കൊക്കെയിൻ എന്നിവ 23 കിലോ പിടികൂടി. അതേസമയം തുറമുഖ നടത്തിപ്പല്ലാതെ കൊണ്ടുവന്ന കണ്ടെയ്‌നറിൽ ഉത്തരവാദിത്വമില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കമ്പനിക്കെതിരായ ആരോപണങ്ങളെല്ലാം വാർത്താകുറിപ്പിലൂടെ അവർ നിഷേധിച്ചു. പതിവ് പരിശോധനയ്‌ക്കിടെയാണ് തുറമുഖത്തിൽ അന്വേഷണസംഘത്തിന് ഇത്രയധികം ലഹരിമരുന്ന് ലഭിച്ചത്. ഇതെക്കുറിച്ച് രഹസ്യവിവരമില്ലായിരുന്നു എന്നാണ് സൂചന.

Advertisement
Advertisement