അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിമാർ വർഷങ്ങളായി തുടർന്നു വന്ന ഒരു ശീലം വേണ്ടെന്നു വച്ച് മോദി, കാരണം പുത്തൻ വിമാനം

Thursday 23 September 2021 10:20 AM IST

ന്യൂഡൽഹി: അമേരിക്കയിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ സ്ഥിരം വിശ്രമസങ്കേതമായിരുന്നു ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളം. ഇവിടെ വിമാനം ഇറക്കാതെ ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് അമേരിക്കയിൽ സന്ദർശനം നടത്താൻ ഇതു വരെ സാധിക്കില്ലായിരുന്നു. പ്രധാനമായും വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറങ്ങുന്നതെങ്കിലും ദീർഘദൂര യാത്രക്കിടയിലെ ഒരു വിശ്രമകേന്ദ്രമായും ഈ വിമാനത്താവളത്തെ ഇന്ത്യൻ പ്രധാനമന്ത്രിമ‌ാ‌ർ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാതെ അമേരിക്ക വരെ പറക്കാൻ സാധിക്കുന്ന വിമാനങ്ങൾ ഇന്ത്യയുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നതും ഒരു കാരണമായിരുന്നു.

എന്നാൽ ഇത്തവണ അമേരിക്ക സന്ദർശിച്ചപ്പോൾ ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങുന്ന പതിവ് മോദി ഒഴിവാക്കി. പ്രത്യേകമായി രൂപകല്പന ചെയ്ത് ഇന്ത്യ പുതുതായി വാങ്ങിയ എയർ ഇന്ത്യ വൺ വിമാനത്തിലെ സൗകര്യങ്ങളാണിതിന് കാരണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി നിർമ്മിച്ച എയർ ഇന്ത്യ വൺ വിമാനത്തിന് ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ 13 മണിക്കൂർ ഇടവേളയില്ലാതെ പറക്കാൻ സാധിക്കും. 4500 കോടി രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറിലാണ് എയർ ഇന്ത്യ ഈ വിമാനം വാങ്ങിക്കുന്നത്.