സിൽക്ക് സ്‌മിത ആത്മഹത്യ ചെയ്തതിന് പിന്നിലെ അറിയപ്പെടാത്ത രഹസ്യം

Friday 24 September 2021 4:30 AM IST

ഇന്ത്യൻ സിനിമയുടെ മർലിൻ മൺറോ എന്നാണ് സിൽക്ക് സ്‌മിത അറിയപ്പെട്ടിരുന്നത്. സിനിമാസ്വാദകരുടെ ഹൃദയങ്ങളിൽ വലിയൊരു കാലം ലഹരിമഴയായി പെയ്‌ത് നിറഞ്ഞ മാസ്‌മര ഭാവം.

ആരാധക ഹൃദയങ്ങളിൽ ആഘാതം സൃഷ്ടിച്ച സിൽക്കിന്റെ വേർപാടിന് കാൽനൂറ്റാണ്ട് പിന്നിടുകയാണ്. ഇരുപത്തിയഞ്ചാണ്ടുകൾക്കിപ്പുറവും സിൽക്ക് ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണങ്ങൾ അജ്ഞാതമാണ്.

പതിനേഴ് വർഷം നീണ്ടുനിന്ന കരിയറിൽ അഞ്ച് ഭാഷകളിലായി നാനൂറ്റി അമ്പതിലധികം സിനിമകളിൽ സിൽക്ക് സ്‌മിത വേഷമിട്ടിട്ടുണ്ട്.

1996 സെപ്‌തംബർ 23ന് ആണ് കോടമ്പക്കത്തെ സ്വന്തം അപ്പാർട്ട്‌മെന്റിൽ സ്‌മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും അതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയപ്പെടാത്ത രഹസ്യമായി തുടരുന്നു.

സാമ്പത്തിക തകർച്ചയും പ്രണയനൈരാശ്യവുമുൾപ്പെടെ നിരവധി കാരണങ്ങൾ ആത്മഹത്യയ്ക്ക് സ്‌മിതയെ പ്രേരിപ്പിച്ചതായി പറയപ്പെടുന്നുണ്ട്.

ആന്ധ്രയിലെ ഡെണ്ട്‌ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്‌മി എന്ന സിൽക്ക് സ്‌മിതയുടെ ജനനം. സാമ്പത്തിക പരാധീനതകൾമൂലം നാലാം ക്ളാസിൽ പഠനം ഉപേക്ഷിച്ച സിൽക്ക് വീട്ടുകാരുടെ നിർബന്ധം കാരണം പതിനാലാം വയസിൽ വിവാഹിതയായി. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം കാരണം ഏറെ വൈകാതെ സിൽക്ക് സ്‌മിത തന്റെ അമ്മായിയോടൊപ്പം ചെന്നൈയിലേക്ക് പലായനം ചെയ്തു.

ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയായിരുന്ന സിൽക്ക് സ്‌മിത, സിനിമയിൽ ടച്ച് അപ്പ് ആർട്ടിസ്റ്റായാണ് തുടക്കം കുറിച്ചത്. പിന്നീട് കൊച്ച് കൊച്ച് വേഷങ്ങളിലൂടെ സിനിമയിൽ മുഖം കാണിക്കാൻ തുടങ്ങി. നടനും സംവിധായകനുമായ വിനുചക്രവർത്തി എ.വി.എം സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള ഒരു ഫ്ളോർ മില്ലൽ വച്ച് സിൽക്കിനെ കണ്ടതാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. വിനുചക്രവർത്തി സ്‌മിതയ്ക്ക് അഭിനയത്തിലും നൃത്തത്തിലും പരിശീലനം നൽകാനുള്ള ഏർപ്പാടുകൾ ചെയ്തു.

1980-ൽ ആണ് സ്‌മിതയ്ക്ക് സിനിമയിലെ ആദ്യ ബ്രേക്ക് ലഭിച്ചത്. വണ്ടിചക്രം എന്ന സിനിമയിലെ 'സിൽക്ക്" എന്ന ബാർഗേളിന്റെ കഥാപാത്രം സ്‌മിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

1982-ൽ രജനികാന്തിന്റെ മൂൻട്ര് മുഖം കൂടി റിലീസായതോടെ തമിഴ് സിനിമ സിൽക്ക് സ്‌മിതയെ തങ്ങളുടെ രതിദേവതയായി അവരോധിച്ച് കഴിഞ്ഞിരുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും സിൽക്കിന്റെ സാന്നിദ്ധ്യംകൊണ്ട് മാത്രം പല സിനിമകളും ബോക്സോഫീസിൽ വെന്നിക്കൊടി പാറിച്ചു. പെട്ടിയിലായിരുന്ന പല സിനിമകളും സിൽക്ക് സ്‌മിതയുടെ ഒരു പാട്ടുസീൻ കൂടി കൂടിച്ചേർത്ത് വെളിച്ചംകണ്ടു.

സിനിമകളുടെ വിജയത്തിന് തന്റെ ആകാരഭംഗി പലരും ആവോളം ഉപയോഗിക്കുമ്പോഴും അഭിനയപ്രാധാന്യമുള്ളൊരു വേഷത്തിനായി സ്‌മിത കൊതിച്ചിരുന്നു. അപൂർവമായി അത്തരം വേഷങ്ങൾ തേടിയെത്തിയപ്പോഴൊക്കെ ഒരഭിനേത്രിയെന്ന നിലയിൽ സ്‌മിത തന്റെ 'ക്ളാസ്" വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Advertisement
Advertisement