ഡി.ജി.പി ഇടപെട്ടു: കണ്ണവം പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകും

Friday 24 September 2021 12:14 AM IST

കൂത്തുപറമ്പ്: സംസ്ഥാന പൊലീസ് മേധാവിയുടെ ഇടപെടലുണ്ടായതോടെ കണ്ണവം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മാണവുമായി ബന്ധപ്പെട്ട ചുവപ്പ് നാടയുടെ കുരുക്കഴിയുന്നു.

19 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച കാലം മുതൽ വാടകക്കെട്ടിടത്തിലാണ് കണ്ണവം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ അസൗകര്യകൾക്ക് നടുവിലാണ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് 27 സെന്റ സ്ഥലം അനുവദിച്ചു നൽകിയെങ്കിലും കെട്ടിട നിർമ്മാണം ഇനിയും ആരംഭിക്കാനായിട്ടില്ല. കൈമാറി കിട്ടിയ സ്ഥലത്തേക്ക് എത്താൻ വഴിയില്ലാത്തതാണ് തടസ്സമായിട്ടുള്ളത്.

കണ്ണവം ഫോറസ്റ്റിനോട് ചേർന്നു നിൽക്കുന്ന സ്ഥലം വനം വകുപ്പിന്റെതാണോ, റവന്യു വകുപ്പിന്റെതാണോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുകയാണ്. ഇത് സംബന്ധിച്ച് മന്ത്രിതലത്തിൽ വരെ ഇടപെടലുണ്ടായിട്ടും തർക്കത്തിന് പരിഹാരമായിട്ടില്ല. കണ്ണൂരിലെത്തിയ പൊലീസ് മേധാവി അനിൽ കാന്തിനെ കണ്ട് പൗരസമിതി നിവേദനം നൽകിയതോടെയാണ് വീണ്ടും പ്രശ്നം സജീവമായത്. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗം വി.കെ. സുരേഷ് ബാബു, എ.ടി. അലി ഹാജി, ദിനേശൻ കണ്ണവം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് മേധാവി അനിൽ കാന്തിന് നിവേദനം നൽകിയത്. കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്ന് പൊലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കയാണെന്ന് പൗരസമിതി ഭാരവാഹികൾ പറഞ്ഞു.

മറ്റ് പൊലീസ് സ്റ്റേഷനുകളെല്ലാം ഹൈട്ടെക്കായി മാറുമ്പോഴാണ് മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലുള്ള കണ്ണവം പൊലീസ് സ്റ്റേഷന് ഇങ്ങനെയൊരവസ്ഥ. ഡി.ജി.പിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കണ്ണവം പൊലീസ് സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണവത്തെ നിയമ പാലകർ.

Advertisement
Advertisement