പി.എം. കെയേഴ്‌സ് ഫണ്ട് പൊതുപണമല്ലെന്ന് കേന്ദ്രം

Friday 24 September 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം. കെയേഴ്സ് ഫണ്ട് പൊതുപണമല്ലെന്നും അതിനാൽ ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ പി.എം. കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി പ്രദീപ് കുമാർ ശ്രീവാസ്തവ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ട്രസ്റ്റ് സുതാര്യമായാണ് പ്രവർത്തിക്കുന്നത്. കണക്കുകൾ കൃത്യമായി സി.എ.ജി തയാറാക്കിയ പാനലിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുന്നുണ്ട്. സുതാര്യത ഉറപ്പുവരുത്താനായി ട്രസ്റ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഭരണഘടനയുടെ 12ാം അനുച്ഛേദം പ്രകാരമുള്ള സ്റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പി.എം. കെയർ ട്രസ്റ്റിനെ കാണാനാവില്ല. അതിനാൽ ഈ ഫണ്ട് രാഷ്ട്രത്തിന്റെ പൊതുപണമല്ല. വിവരാവകാശ നിയമത്തിൽ പറയുന്ന പൊതു സ്ഥാപനമായി കാണാനുമാവില്ല. ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്താനുമാവില്ല. ഉദ്യോഗസ്ഥർ ഓണറേറിയം വ്യവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭരണഘടനയുടെയോ സംസ്ഥാന,കേന്ദ്ര നിയമനിർമ്മാണ സഭകളുടെയോ നിർദ്ദേശ പ്രകാരമല്ല ഈ ഫണ്ട് രൂപീകരിച്ചത്. വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകൾ ഉപയോഗിച്ചാണ് ഫണ്ട് പ്രവർത്തിക്കുന്നത്. ഇവർക്ക് നികുതി ഇളവ് നൽകുന്നത് കൊണ്ട് മാത്രം ഫണ്ട് പൊതുഫണ്ടാകില്ലെന്നും' സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പി.എം. കെയേഴ്സ് ഫണ്ട് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള സമ്യാക്ക് ഗൻവാൾ എന്നയാളുടെ ഹർജിയിലാണിത്.
ജസ്റ്റിസുമാരായ ഡി.എം.പട്ടേൽ, അമിത് ബൻസാൽ എന്നിവരുൾപ്പെട്ട ബെഞ്ച് കേസ് 27ലേക്ക് പരിഗണിക്കാൻ മാറ്റി.കൊവിഡ് ദുരതം വിതച്ചപ്പോൾ ജനങ്ങൾക്ക് ധനസഹായം അടക്കം എത്തിക്കുന്നതിന് കഴിഞ്ഞ വർഷം മാർച്ച് 27നാണ് പി.എം.കെയർ ഫണ്ട് രൂപീകരിച്ചത്.