ജാർഖണ്ഡ് ജില്ലാ ജഡ്ജിയുടേത് കൊലപാതകമെന്ന് സി.ബി.ഐ

Friday 24 September 2021 12:00 AM IST

റാഞ്ചി: ജാർഖണ്ഡ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ അപകടമരണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് സി.ബി.ഐ ജാർഖണ്ഡ് ഹൈക്കോടതിയെ അറിയിച്ചു. പ്രഭാത സവാരിക്കിടെ ഉത്തം ആനന്ദിനെ മനഃപൂർവം ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ വ്യക്തമാക്കി.

അപകടം പുനരാവിഷ്‌കരിച്ചതിൽ നിന്നും സി.സി ടിവി ദൃശ്യങ്ങളിൽ നിന്നും ഫോറൻസിക് തെളിവുകളിൽ നിന്നും ഉത്തം ആനന്ദ് വധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായി. തെളിവുകൾ വിശകലനം ചെയ്യാൻ ഗാന്ധിനഗർ, ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫോറൻസിക് സംഘങ്ങളുടെ സേവനം സി.ബി.ഐ പ്രയോജനപ്പെടുത്തിയിരുന്നു. ഉത്തംകുമാറിനെ മനഃപൂർവം കൊലപ്പെടുത്തുകയായിരുന്നുവെന്ന സംശയം ശരിവയ്ക്കുന്നതാണ് ഇവരുടെ റിപ്പോർട്ടുകളെന്നും സി.ബി.ഐ വ്യക്തമാക്കി. കേസന്വേഷണം അവസാനഘട്ടത്തിലാണ്.

കേസിൽ അറസ്റ്റിലായ ഡ്രൈവർ ലഖൻ വർമയുടെയും സഹായി രാഹുൽ വർമയുടെയും ബ്രെയിൻ മാപ്പിംഗ് നാർക്കോ അനാലിസിസ് പരിശോധനാഫലങ്ങൾ സി.ബി.ഐ പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം നടന്നതിന്റെ പിറ്റേന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

48കാരനായ ഉത്തം ആനന്ദ് ജൂലായ് 28നാണ് കൊല്ലപ്പെടുന്നത്. ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തിയതിന് പിന്നാലെ രക്തത്തിൽ കുളിച്ച് കിടന്ന ഉത്തമിനെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഒരു സ്ത്രീയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.