കെ- റെയിൽ: സംസ്ഥാനത്തെ രണ്ടായി മുറിക്കുമെന്ന് യു.ഡി.എഫ്

Friday 24 September 2021 12:13 AM IST

തിരുവനന്തപുരം: സെമി ഹൈ സ്‌‌പീഡ് റെയിൽ പാതാ പദ്ധതി (കെ-റെയിൽ) സംസ്ഥാനത്ത് അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. എം.കെ. മുനീർ കൺവീനറായ ഉപസമിതി നൽകിയ റിപ്പോർട്ട് ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ യു.ഡി.എഫ് നിലപാട് പ്രഖ്യാപിച്ചത്. വൻകിട പദ്ധതികൾക്ക് യു.ഡി.എഫ് എതിരല്ല. ഇതിനുപകരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത പ്രായോഗിക പദ്ധതി നിർദ്ദേശം സമർപ്പിക്കാമെന്നും അതിന് പിന്തുണ നൽകുമെന്നും യു.ഡി.എഫ് ചെയർമാൻ വി.ഡി. സതീശനും കൺവീനർ എം.എം. ഹസനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ-റെയിൽ പദ്ധതിക്കായി 1483 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഇരുപതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങൾ നടത്താതെയാണ് നടപടികൾ ആരംഭിച്ചത്. അലൈൻമെന്റ് പോലും നിശ്ചയിക്കുന്നതിന് മുമ്പേ സ്ഥലമെടുപ്പിനുള്ള നടപടികൾ തുടങ്ങി. പാതയുടെ ഇരുവശത്തും മതിൽകെട്ടിത്തിരിച്ചാണ് ട്രെയിൻ ഓടുക. സംസ്ഥാനത്തെ രണ്ടായി മുറിക്കുന്നതിന് തുല്യമാണിത്. 2019ലെ വിലയിരുത്തൽ പ്രകാരം 1.24 ലക്ഷം കോടിയാണ് പദ്ധതിക്ക് വേണ്ടിവരിക. ഇപ്പോഴത്തെ നിലയിൽ അതിനിയും കൂടും. ഇത് സംസ്ഥാനത്തിന് താങ്ങാനാവുന്നതല്ലെന്നും അവർ പറഞ്ഞു.

ഹർത്താലിന് പിന്തുണ

കർഷകസമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് തൊഴിലാളി സംഘടനകൾ 27ന് നടത്തുന്ന ഹർത്താലിന് പിന്തുണ നൽകാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു.

കൊവിഡ്: യഥാർത്ഥ മരണക്കണക്ക് പുറത്തുവിട്ടില്ലെങ്കിൽ പ്രക്ഷോഭം

കൊവിഡ് മൂലമുണ്ടായ മരണനിരക്ക് കുറച്ചുകാട്ടാനായി മരിച്ചവരുടെ യഥാർത്ഥ എണ്ണം സർക്കാർ കുറച്ചു കാണിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മന:പൂർവം മറച്ചുവച്ച മരണക്കണക്ക് പുറത്തുവിടാൻ ഇനിയും സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. യു.ഡി.എഫ് സ്വന്തം നിലയ്ക്ക് വിവരശേഖരണം നടത്തി കണക്കുകൾ പുറത്തുവിടും. ഞെട്ടിപ്പിക്കുന്ന കണക്കുകളുടെ വിവരം ലഭിച്ചിട്ടുണ്ട്. കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം വാഗ്ദാനം ചെയ്ത അമ്പതിനായിരം രൂപ അപര്യാപ്തമാണ്. മരിച്ചവരുടെ പ്രായം നോക്കി അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ അനുവദിക്കണം. അതിന്റെ മുഖ്യപങ്ക് കേന്ദ്രസർക്കാർ വഹിക്കണം. മലബാറിലുൾപ്പെടെ പ്ലസ് വൺ പ്രവേശനത്തിലുണ്ടായ സീറ്റ് ദൗർലഭ്യം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement