കോഴിക്കോട്ട് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഒന്നരക്കോടിയുടെ ക്രമക്കേട്

Friday 24 September 2021 12:15 AM IST

കോഴിക്കോട്: ഒന്നരക്കോടി രൂപയുടെ ക്രമക്കേട് കോഴിക്കോട് ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നടന്നതായി അന്തിമ റിപ്പോർട്ട്. സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്തി ജില്ല കളക്ടർക്ക് നൽകിയത്.

ആയിരത്തോളം പേർക്ക് ഒന്നിലേറെ തവണ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം അനുവദിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിലർക്ക് അഞ്ചും ആറും തവണ സഹായധനം നൽകി.

റവന്യു ജീവനക്കാരന്റെ ബന്ധുവിന് നിയമവിരുദ്ധമായി ദുരിതാശ്വാസം അനുവദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്നത്തെ ജില്ല കളക്ടർ സീനിയർ ഫിനാൻസ് ഒാഫീസർ കെ.പി. മനോജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അന്നത്തെ നഗരം വില്ലേജ് ഓഫീസറും പിന്നീട് ഡെപ്യൂട്ടി തഹസിൽദാരായി പ്രൊമോഷൻ ലഭിക്കുകയും ചെയ്ത ഉമാകാന്തിനെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട് താലൂക്കിലെ ചേവായൂർ വില്ലേജിൽ ഒരു സ്ത്രീക്ക് 12 തവണയായി 77,000 രൂപ നൽകിയ സംഭവത്തിലാണ് സസ്പെൻഷൻ.