ലക്ഷങ്ങളുടെ തട്ടിപ്പ്: സൂചന ലഭിച്ചിട്ടും അനങ്ങിയില്ല

Friday 24 September 2021 2:05 AM IST

നഗരസഭാ തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്ക്

തിരുവനന്തപുരം: നഗരസഭയുടെ സോണൽ ഓഫീസുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിട്ടും ഭരണസമിതിയുടെ കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാകുന്നു. നേമം,​ ശ്രീകാര്യം ഓഫീസുകളിലെ തട്ടിപ്പുകളെക്കുറിച്ച് നേരത്തേതന്നെ മെയിൻ ഓഫീസിലും ബന്ധപ്പെട്ട അധികാരികൾക്കും സൂചന ലഭിച്ചിരുന്നു. ഇതിൽ ഇടപെടാത്തതാണ് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. തട്ടിപ്പ് നടത്തുന്നവർക്ക് ഭരണപക്ഷ യൂണിയനുമായി അടുപ്പമുള്ളതിനാലാണ് ഇവർക്കെതിരെ നടപടി എടുക്കാത്തതെന്നും ആക്ഷേപമുണ്ട്.

നഗരസഭയിൽ നടന്ന തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നേമം, ശ്രീകാര്യം മേഖല ഓഫീസുകളിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. നാല് മേഖലാ ഓഫീസുകളിലായി 33 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ ബാങ്കിലടയ്ക്കാതെ തട്ടിച്ചത്. തുക ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. നഗരസഭയിലെ പണമിടപാടുകൾ പരിശോധിക്കുന്നതിലുള്ള പിഴവുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്.

നേമത്ത് ഓഫീസിന്റെ ചുമതലയുള്ള സൂപ്രണ്ട് ശാന്തി, കാഷ്യറുടെ ചുമതലയുള്ള സുനിത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഓഫീസിലെ അറ്റൻഡന്റ് മുതലുള്ള ഉദ്യോഗസ്ഥരാണ് പണം അടയ്ക്കാൻ ബാങ്കിൽ പോകുന്നത്. ഇവർ തിരികെ എത്തിക്കുന്ന രസീത് പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. എന്നാൽ നേമം ഓഫീസിൽ ഇത് നടന്നിട്ടില്ല. പണം അടയ്ക്കാൻ കൊണ്ടു പോകുന്ന ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് പരാതി. ശ്രീകാര്യം മേഖലാ ഓഫീസിൽ പണം ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഓഫീസ് അറ്റൻഡന്റ് ബിജു, ബിൽ കളക്ടർ അനിൽ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്. ഇവർക്കെതിരെ ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്.

അക്കൗണ്ട്സ് വിഭാഗത്തിനും വീഴ്ച

ബാങ്ക് അക്കൗണ്ടിലെ തുകയും കോർപ്പറേഷൻ രജിസ്റ്ററിലെ തുകയും മേഖലാ ഓഫീസുകളിൽ ഒത്തുനോക്കാത്തതാണ് തട്ടിപ്പിന് വഴിതെളിച്ചത്. നഗരസഭാ അക്കൗണ്ട്സ്

വിഭാഗത്തിനും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. മേഖലാ ഓഫീസുകളിലെത്തുന്ന പ്രതിദിന കളക്ഷന്റെ വിവരം കോർപ്പറേഷൻ ഓഫീസിലും ലഭിക്കും. ഇത് മാസത്തിലൊരിക്കലെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റുമായി ഒത്തുനോക്കാനും അക്കൗണ്ടസ് വിഭാഗത്തിന് കഴിഞ്ഞില്ല.

Advertisement
Advertisement