ജില്ലയിൽ സമഗ്ര നീർത്തട പദ്ധതിക്ക് തുടക്കം: പദ്ധതി തുക 369. 63 കോടിരൂപ

Friday 24 September 2021 2:12 AM IST

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്ര നീർത്തട പദ്ധതിക്ക് തുടക്കമാകുന്നു. 350 കോടിയിലേറെ രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള സർവേകൾ അടുത്ത മാസം പൂർത്തിയാകും. 21000 ഹെക്ടർ പ്രദേശത്ത് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനായി മണ്ണുപര്യവേഷണം, തൊഴിലുറപ്പ് പദ്ധതി, ക്ഷീരവികസനം, മത്സ്യ വകുപ്പ്, ഭൂജല വകുപ്പ്, ശുചിത്വ മിഷൻ തുടങ്ങി വിവിധ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനോടകം 97 വാർഡുകളിൽ സർവേ നടപടികൾ പൂർത്തിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഫണ്ടുകൾ
സുഭിക്ഷ കേരളം, റിബീൾഡ് കേരള പദ്ധതി ഫണ്ട്, ഗ്രാമ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട്, ജലജീവൻ മിഷൻ, റിവോൾവിംഗ് ഫണ്ട്, സി.എസ്.ആർ ഫണ്ട്, സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ


തിരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകൾ

മതലികം, വെള്ളാങ്കല്ലൂർ, ഒല്ലൂക്കര, വടക്കാഞ്ചേരി, കൊടകര ബ്ലോക്ക് പഞ്ചായത്തുകളിലായി 17 പഞ്ചായത്തുകൾ

  • ആകെ തുക - 369.63 കോടി
  • പ്രയോജനം കിട്ടുന്ന സ്ഥലം - 21597 ഹെക്ടർ സ്ഥലം


ജില്ലാതല ഉദ്ഘാടനം നാളെ
സമഗ്ര നീർത്തട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് ജില്ലാ ആസൂത്രണഭവൻ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, കെ. രാധകൃഷ്ണൻ, ആർ. ബിന്ദു, പി. ബാലചന്ദ്രൻ, കളക്ടർ ഹരിത.വി.കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, പി.ഡി.സിന്ധു എന്നിവർ സംസാരിക്കും.

Advertisement
Advertisement