സൈക്കിൾ ട്രാക്കും വാക് വേയും ഒരുങ്ങി; എ.പി.ജെ. അബ്ദുൾകലാം പാർക്ക് ഉടൻ തുറക്കും

Friday 24 September 2021 2:15 AM IST

തിരുവനന്തപുരം: പ്രഭാത, സായാഹ്ന വേളകളിൽ നടക്കാനിറങ്ങുന്നവർക്കും സൈക്കിൾ സവാരിക്കാർക്കും സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ട് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്ന പൗണ്ട്കടവിലെ എ.പി.ജെ. അബ്ദുൾകലാം പാർക്ക് ഉടൻ തുറക്കും. അടൽ മിഷൻ ഫോർ റെജുവെനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത്) പദ്ധതിയുടെ ഭാഗമായി 5.5 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാഗികമായി പണി പൂർത്തീകരിച്ച് നിർമ്മാണോദ്‌ഘാടനം നടത്തിയ പാർക്കിലെ ശേഷിച്ച പണി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പൗണ്ട്കടവിൽ പാർവതീപുത്തനാറിന് സമീപത്താണ് അരകിലോമീറ്ററോളം ദൂരത്തിൽ സൈക്കിൾ ട്രാക്ക് സജ്ജമാക്കിയ പാർക്കിന്റെ പണി നടക്കുന്നത്. 2020 നവംബർ ഒന്നിന് പാർക്കിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദൻ നിർവഹിച്ചതാണ്. എന്നാൽ അന്ന് ഭാഗീകമായ നിർമ്മാണം മാത്രമേ നടന്നിരുന്നുള്ളൂ. ശേഷിച്ച പണിയാണ് ഇപ്പോൾ നടക്കുന്നത്. വ്യായാമത്തിനായി സൈക്കിൾ സവാരി നടത്തുന്നവർക്ക് സൗകര്യപദമാണ് ഈ പാർക്ക്. പ്രധാന കവാടത്തിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ ട്രാക്കിലൂടെ അരകിലോമീറ്റർ സഞ്ചരിച്ചശേഷം സൈക്കിളിൽ നിന്നിറങ്ങാതെ സഞ്ചരിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുളത്. 600 മീറ്ററോളം ദൂരത്തിൽ കാൽനട യാത്രക്കാർക്കായി വാക്ക് വേയും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ചിൽഡ്രൻസ് പാർക്ക്, ആയുർവേദ വള്ളിച്ചെടികൾ പടർത്തിയിട്ട വള്ളിക്കുടിലുകൾക്ക് കീഴിൽ വിശ്രമിക്കാനുള്ള സൗകര്യം, കൃത്രിമമായി നിർമ്മിച്ച കുളം എന്നിവയുമുണ്ട്. രണ്ട് ടോയ്‌‌ലെറ്റ് ബ്ലോക്കുകൾ, കഫറ്റീരിയ എന്നിവയും പദ്ധതിപ്രകാരം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. മനോഹരമായ ചുറ്റുമതിലാണ് പാർക്കിന്റെ മറ്റൊരു പ്രത്യേകത. ചുവരിന് സമാനമായി പണിത ഇരുമ്പ് കമ്പി വലയ്‌ക്കുള്ളിൽ കരിങ്കൽ കഷണങ്ങൾ നിരത്തി നിർമ്മിച്ച ചുറ്റുമതിൽ കൗതുകകരമാണ്. പാർക്കിനോട് ചേർന്ന പാർവതിപുത്തനാറിന്റെ തീരത്ത് മുളം തൈകൾ വച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്.

 മറ്റ് സജ്ജീകരണങ്ങൾ

ചിൽഡ്രൻസ് പാർക്ക്

വള്ളിക്കുടിലുകൾ

കുളം

ടോയ്‌ലെറ്റ് ബ്ലോക്കുകൾ

കഫറ്റീരിയ

 വാക് വേയുടെ നീളം - 600 മീറ്റർ

 പദ്ധതിയുടെ ചെലവ് - 5.5 കോടി രൂപ

എ.പി.ജെ. അബ്ദുൾകലാമിന്റെ ശില്പം

സ്റ്റേഷൻ കടവിൽ നാല് റോഡുകൾ സന്ധിക്കുന്ന ഭാഗത്ത് നിർമ്മിക്കുന്ന ചെറിയ പാർക്കിൽ മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ ശില്പം സ്ഥാപിക്കാനും തീരുമാനമുണ്ട്. ഇവിടെ വാട്ടർ ഫൗണ്ടൻ നിർമിക്കുന്നതിനുള്ള പദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ശില്പം സ്ഥാപിക്കും.