ചൈനീസ് ഫോണുകൾ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് ലിത്വാനിയ
വിൽനസ്: ചൈനീസ് ഫോണുകൾക്ക് ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നും അതിനാൽ എത്രയും പെട്ടെന്ന് ഇത്തരം ഫോണുകളുടെ ഉപയോഗം നിർത്തണമെന്നും പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ. ഉപഭോക്താക്കൾ അവരുടെ ചൈനീസ് ഫോണുകൾ കഴിയുന്നത്രയും വേഗത്തിൽ മാറ്റി മറ്റെതെങ്കിലും ഫോണുകളിലേക്ക് മാറുകയും ഇനി മുതൽ ചൈനീസ് ഫോണുകൾ പൂർണമായും നിറുത്തലാക്കുകയും ചെയ്യണമെന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലിത്വാന നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ റിപ്പോർട്ടു പ്രകാരം ചൈനീസ് 5ജി ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ചില ഫോണുകളിൽ ബിൽറ്റ് ഇൻ സെൻസർഷിപ്പ് ഉള്ളതായി കണ്ടെത്തി. ചൈനീസ് കമ്പനികളായ ഹുവായിയും ഷവോമിയും നിർമ്മിക്കുന്ന ഫോണുകൾക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.
അതേസമയം ലിത്വിയാനയുടെ ആരോപണം തള്ളി ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമി രംഗത്തെത്തി. യൂറോപ്യൻ യൂണിയന്റെ സ്വകാര്യതസുരക്ഷ നിയന്ത്രണങ്ങൾ പാലിച്ചാണ് മൊബൈൽ വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെൻസർ ചെയ്യുന്നില്ലെന്നും അവകാശപ്പെട്ട് ഇതിനോടകം വിവിധ ചൈനീസ് കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.