വായു മലിനീകരണം പ്രതിവർഷം 70 ലക്ഷം പേർ മരിക്കുന്നു : ഡബ്ല്യു.എച്ച്.ഒ

Friday 24 September 2021 2:21 AM IST

ന്യൂയോർക്ക്: ലോകത്ത് വർദ്ധിച്ച് വരുന്ന അന്തരീക്ഷ വായു മലിനീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ദീർഘകാലം ചെറിയ രീതിയിലുള്ള അന്തരീക്ഷ മലിനീകരണ സാഹചര്യത്തിലോ, ഗാർഹിക മലിനീകരണ സാഹചര്യത്തിലോ ജീവിക്കുന്നവർക്ക് ശ്വാസകോശ അർബുദം, പക്ഷാഘാതം,​ ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണെന്നും ഇത്തരത്തിൽ പ്രതിവർഷം 70 ലക്ഷം പേർ മരണമടയുന്നുവെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യന്റെ ആരോഗ്യത്തിന് നേർക്കുള്ള വലിയ വെല്ലുവിളിയാണ് വായു മലിനീകരണമെന്ന് ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു. അതിനാൽ ഇത് നിയന്ത്രിക്കാൻ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന പുറത്തു വിട്ടു. ഇതിലൂടെ ഹൃദയ ശ്വാസകോശ അസുഖങ്ങളിലൂടെയുള്ള ജീവഹാനി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും

പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കിയാൽ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാനാകുമെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു.

വിദേശ രാജ്യങ്ങളിൽ കൽക്കരി ഖനികൾ നിർമ്മിക്കില്ലെന്ന് ചൈന

അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ വാതകങ്ങളുടെ തോത് കുറക്കാനായി വിദേശരാജ്യങ്ങളിൽ ഇനി കൽക്കരി വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാൻ ഫണ്ട് നൽകില്ലെന്ന് ചൈന. ഐക്യരാഷ്ട്രസഭയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിരവധി വികസര രാജ്യങ്ങളിൽ കൽക്കരി വൈദ്യുത പദ്ധതി നിർമ്മാണത്തിന് ചൈന ധനസഹായം നല്കിയിരുന്നു. കൽക്കരി കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ വിദേശരാജ്യങ്ങളിൽ കൽക്കരി നിലയങ്ങൾ സ്ഥാപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും കൽക്കരി നിലയങ്ങൾ നിർമ്മിക്കുന്നതി നിറുത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വികസ്വരരാജ്യങ്ങളിൽ കൽക്കരിൽ ഊർജ്ജ നിലയങ്ങൾക്കുപകരം പരിസ്ഥിതി സൗഹാർദ്ദ പദ്ധതികൾക്ക് മുൻതൂക്കം നൽകുമെന്നും ഷി അറിയിച്ചു.

വൺ ബെൽറ്റ് വൺ റോഡ് പദ്ധതി വഴി നിരവധി രാജ്യങ്ങളിൽ കൽക്കരി നിലയങ്ങൾ സ്ഥാപിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. അതേ സമയം ആഗോള താപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത ഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കാനായി ദരിദ്രരാജ്യങ്ങൾക്ക് 2024 ഓടെ 1140 കോടി ഡോളറിന്റെ സാമ്പത്തികസഹായയം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.

Advertisement
Advertisement