പഴ്സ് നഷ്ടപ്പെട്ട് ചികിത്സ മുടങ്ങിയ വീട്ടമ്മയ്ക്ക് തണലായി പൊലീസ്

Friday 24 September 2021 2:23 AM IST

ഉള്ളൂർ: ചികിത്സയ്ക്കായുള്ള യാത്രക്കിടെ പഴ്സ് നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് തുണയായി മെഡിക്കൽ കോളേജ് പൊലീസ്. പാരിപ്പള്ളി സ്വദേശി സിന്ധുവിനാണ് ആർ.സി.സിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടെ സ്കാനിംഗ്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കൈവശം കരുതിയ 6000 രൂപ നഷ്ടമായത്. ഇന്നലെ രാവിലെയാണ് സംഭവം. പണം നഷ്ടപ്പെട്ട സിന്ധു പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

സുമനസുകൾ സമാഹരിച്ച് നൽകിയ പണമാണ് നഷ്ടമായതെന്നും ചികിത്സ മുടങ്ങുമെന്നും അറിയിച്ചതോടെ എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസുകാർ ഒന്നടങ്കം സഹായത്തിന് കൈകോർക്കുകയായിരുന്നു. സ്കാനിംഗിനും ഭക്ഷണത്തിനും നാട്ടിലേക്ക് തിരികെ പോകാനുള്ള തുകയുമടക്കം ഉദ്യോഗസ്ഥർ സമാഹരിച്ച് നൽകി.

ആർ.സി.സിയുമായി ബന്ധപ്പെട്ട് മുടങ്ങിയ സ്കാനിംഗ് ഇന്നലെ തന്നെ നടത്തുന്നതിനുള്ള ഇടപെടലും പൊലീസ് നടത്തിയതോടെ സിന്ധുവിനും ആശ്വാസമായി.