രാജ്യത്ത് രണ്ട് മാസത്തിലാദ്യമായി ഡീസൽ വിലയിൽ വർദ്ധന; പെട്രോൾ നിരക്കിൽ മാറ്റമില്ല

Friday 24 September 2021 10:37 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി വർദ്ധിക്കാതെ തുടർന്ന ഇന്ധനവിലയിൽ ഇന്ന് നേരിയ വർദ്ധന. പെട്രോൾ വിലയിൽ മാറ്റമില്ല. എന്നാൽ ഡീസൽ വിലയിൽ 20 മുതൽ 22 പൈസ വരെ വർദ്ധനവുണ്ടായി. ജൂലായ് 15ന് ശേഷം ആദ്യമായാണ് വില കൂടുന്നത്. കഴിഞ്ഞ 19 ദിവസങ്ങളായി പെട്രോൾ വിലയിൽ മാറ്റമില്ല.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് ഇന്ന് 103.42 രൂപയും ഡീസലിന് 95.61 രൂപയുമാണ് വില. രാജ്യതലസ്ഥാനത്ത് 20 പൈസ ഡീസലിന് വർദ്ധിച്ചു. ലിറ്ററിന് 88.82 രൂപയായി. പെട്രോൾ വില 101.19 രൂപയായി. മുംബയിൽ ഡീസലിന് 96.41 രൂപയും പെട്രോളിന് 107.26 രൂപയുമാണ്. പെട്രോൾ, ഡീസൽ നിരക്ക് വർദ്ധന ജിഎസ്‌ടിയുടെ പരിധിയിൽ പെടുത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ എതിർത്തിരുന്നു. ഇതിനെത്തുടർന്നാണ് രാജ്യത്ത് പെട്രോൾ വില കുറയാത്തതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇക്കാര്യത്തിൽ ഒരുപോലെ എതിർപ്പ് അറിയിച്ചു.

Advertisement
Advertisement