എൽഡിഎഫ് പ്രമേയം അവതരിപ്പിച്ചു, ബിജെപി പിന്താങ്ങി; കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം പോയി

Friday 24 September 2021 4:29 PM IST

കോട്ടയം: നഗരസഭയിൽ യുഡിഎഫിന് എതിരായി എൽ‌ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് ബിജെപിയുടെ അപ്രതീക്ഷിത പിന്തുണ. ആറ് മാസം നീണ്ട യുഡിഎഫിന്റെ കോർപറേഷൻ ഭരണം അതോടെ അവസാനിച്ചു. ഇതോടെ ജില്ലയിൽ ഈരാറ്റുപേട്ടയ്‌ക്ക് പുറമേ യുഡിഎഫിന് അധികാരം നഷ്‌ടമാകുന്ന രണ്ടാമത് നഗരസഭയായി കോട്ടയം. മുൻപ് ഈരാറ്റുപേട്ടയിൽ എസ്‌ഡിപി‌ഐ എൽഡിഎഫിനെ പിന്തുണച്ചതോടെ ഇവിടെ ഭരണം യുഡിഎഫിന് നഷ്‌ടമായിരുന്നു.

എട്ട് സീറ്റുള‌ള ബിജെപി അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ധാരണ. എന്നാൽ അപ്രതീക്ഷിതമായി തങ്ങളുടെ എട്ട് അംഗങ്ങളോട് അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കാൻ ബിജെപി വിപ്പ് നൽകിയതോടെ നഗരസഭയിൽ കോൺഗ്രസ് ഭരണം അവസാനിച്ചെന്ന് ഉറപ്പിച്ചു.

നഗരസഭയിൽ 22 സീറ്റുകൾ എൽഡിഎഫിനും ജോസഫ് ഗ്രൂപ്പിന്റെ ഒരു സീറ്റും ഒരു സ്വതന്ത്രനുൾപ്പടെ 22 സീറ്റുകൾ യുഡിഎഫിനും എട്ട് സീറ്റുകൾ ബിജെപിയ്‌ക്കുമാണുള‌ളത്. അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. എന്നാൽ എൽഡിഎഫ്, ബിജെപി അംഗങ്ങൾ എത്തിയതോടെ ക്വാറം തികഞ്ഞു. ഇതോടെ യോഗം ചേരുകയും അവിശ്വാസ പ്രമേയം പാസാകുകയും ചെയ്‌തു. ഗാന്ധിനഗർ സൗത്തിലെ സ്വതന്ത്രയായി ജയിച്ച ബിൻസി സെബാസ്‌റ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെയായിരുന്നു കോട്ടയത്ത് യുഡിഎഫ് ഭരണം നേടിയത്.

കോട്ടയത്ത് എൽഡിഎഫ് പ്രമേയത്തെ ബിജെപി പിന്താങ്ങിയതോടെ സിപിഎമ്മിനെതിരെ രൂക്ഷവിമർ‌ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും സഖ്യം ചേരാൻ മടിയില്ലാത്ത ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന നിലപാടില്ലാത്ത സംഘമാണ് സിപിഎമ്മെന്നാണ് സതീശൻ വിമർശിച്ചത്.

Advertisement
Advertisement