എയർമാർഷൽ സന്ദീപ് സിംഗ് വ്യോമസേനാ ഉപമേധാവി

Saturday 25 September 2021 12:34 AM IST

ന്യൂഡൽഹി: എയർമാർഷൽ സന്ദീപ് സിംഗ് വ്യോമസേനാ ഉപമേധാവിയാകും. വ്യോമസേനാ ഉപമേധാവിയായ എയർ മാർഷൽ വിവേക് റാം ചൗധരി ഒക്ടോബർ ഒന്ന് മുതൽ വ്യോമസേനാ മേധാവിയാകുന്ന ഒഴിവിലാണ് നിയമനം. ഈസ്റ്റേൺ എയർ കമാൻഡ് മേധാവി എയർമാർഷൽ അമിത്ദേവിനെ പുതിയ വെസ്റ്റേൺ എയർകമാൻഡ് മേധാവിയായും എയർമാർഷൽ ബാലഭദ്ര രാധാകൃഷ്‌ണയെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവിയായും നിയമിച്ചു.

വ്യോമസേനാ ഉപമേധാവിയാകുന്ന എയർമാർഷൽ സന്ദീപ് സിംഗ് 1983 ഡിസംബറിലാണ് കമ്മിഷൻഡ് ഓഫീസറായി സേനയിൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. നിലവിൽ സൗത്ത് വെസ്റ്റേൺ എയർകമാൻഡിൽ എയർഓഫീസർ കമാൻഡിംഗ് ചീഫാണ്. സുഖോയ് 30, മിഗ് 29, മിഗ് 21 യുദ്ധ വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ദ്ധനായ ഇദ്ദേഹം പരിശീലകനായും ടെസ്റ്റ് പൈലറ്റായും തിളങ്ങി. സുഖോയ് 30 എം.കെ-1 സ്‌ക്വാഡ്രൻ കമാൻഡിംഗ് ഓഫീസറായിരുന്ന എയർമാർഷൽ സന്ദീപ് സിംഗ് സുഖോയ് 30 വിമാനങ്ങളിൽ പുതിയ ആയുധങ്ങൾ ഘടിപ്പിക്കുന്നതിലും നാവിഗേഷൻ, ഡിസ്‌പ്ളേ പരിഷ്കാരങ്ങൾ വരുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. എയർസ്റ്റാഫ് ഡെപ്യൂട്ടി ചീഫ്, ഈസ്റ്റേൺ എയർകമാൻഡ് സീനിയർ എയർഓഫീസർ പദവികളും വഹിച്ചു.