ഇമ്രാൻ ഖാനെ കൊല്ലാതെ കൊന്ന് താലിബാൻ, നിലമറന്ന് കളിച്ച പാകിസ്ഥാന് ഇത് കാലം കാത്തുവച്ച കാവ്യനീതി

Friday 24 September 2021 11:43 PM IST

കാബൂൾ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് താലിബാൻ. പാകിസ്ഥാനിലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്ത വെറും കളിപ്പാവയാണ് ഖാൻ. ഞങ്ങൾ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നില്ല. അതുപോലെ മറ്റാരും ഞങ്ങളുടെ കാര്യങ്ങളിലും ഇടപെടരുതെന്ന് ആഗ്രഹിക്കുന്നതായും താലിബാൻ വക്താവ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഒരു അഭിമുഖത്തിൽ താലിബാൻ വക്താവ് പാക്കിസ്ഥാനോട് അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ടതായി ഫ്രെെഡേ ടെെംസ് റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാൻ ഒരു പാവ ​ഗവൺമെന്റിനൊപ്പം നിലനിൽക്കില്ലെന്ന് ഇമ്രാൻ ഖാൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് താലിബാൻ വക്താവ് പ്രതികരിച്ചത്. നിങ്ങൾ സംസാരിക്കുന്നത് ഇമ്രാൻ ഖാനെക്കുറിച്ചാണ്, അഫ്ഗാനിസ്ഥാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെന്റ് അയാൾ ആഗ്രഹിക്കുന്നുണ്ടോ? പാക്കിസ്ഥാൻ തന്നെ കടുത്ത പ്രതിസന്ധിയിലാണ്, നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇമ്രാൻ ഖാൻ തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പാകിസ്ഥാൻ രാഷ്ട്രത്തിന്റെ സമ്മതത്തോടെ അദ്ദേഹം പ്രധാനമന്ത്രിയായിട്ടില്ലെന്നും താലിബാൻ വക്താവ് പ്രതികരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

നിലവിലെ പാക് സർക്കാർ പാക്കിസ്ഥാൻ സൈന്യത്തിന്റെ പാവയാണെന്ന് ജനങ്ങൾ പറയുന്നു. അവിടുത്തെ വലിതും ചെറുതുമായ വംശങ്ങളുടെ മൊത്തത്തിലുള്ള മൗലികാവകാശങ്ങൾ നൽകിയിട്ടില്ല. പാക്കിസ്ഥാനിലെ എല്ലാ വംശീയ വിഭാഗങ്ങളും നിലവിലെ സർക്കാരിൽ തൃപ്തരല്ല. അതുകൊണ്ടാണ് അവർ അതിനെ പട്ടാളത്തിന്റെ പാവ സർക്കാർ എന്ന് വിളിക്കുന്നത്. ഒരു പരിധിവരെ, അവർ പറയുന്നത് ശരിയാണ്. കാരണം ഇത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ, അഫ്ഗാൻ എന്ന നിലയിൽ, ഇമ്രാൻ ഖാനെ ഒരു പാവയെന്ന് വിളിക്കാൻ എനിക്ക് അവകാശമില്ല. താലിബാൻ തങ്ങളുടെ ഭരണ സംവിധാനത്തിൽ ഒരു വിദേശ ഇടപെടലും അംഗീകരിക്കില്ലെന്നും താലിബാൻ വക്താവ് പറഞ്ഞു.

ഓരോരുത്തരും അവരവരുടെ നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അവരുടെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രവർത്തിക്കണം. പാകിസ്ഥാനിൽ നിരവധി പ്രശ്നങ്ങളുണ്ട്, പക്ഷേ ഞങ്ങൾ ഒരിക്കലും അവയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഈ പ്രശ്നങ്ങൾക്ക് ഞങ്ങൾ പാകിസ്ഥാനോട് ഒരു നിർദ്ദേശവും നൽകിയിട്ടില്ല. കാരണം അവരുടെ പരമാധികാരത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. പാക്കിസ്ഥാനിൽ നിന്ന് അതേ ബഹുമാനം തിരിച്ചും ആഗ്രഹിക്കുന്നു. ഞങ്ങളുടെ മണ്ണിൽ ഇടപെടാൻ ആഗ്രഹിക്കുന്നവവരുടെ കാര്യത്തിൽ ഇടപെടാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.

Advertisement
Advertisement