പാകിസ്ഥാനുള്ള സൈനിക സഹായം വർദ്ധിപ്പിച്ച് ചൈന

Saturday 25 September 2021 2:58 AM IST

ബീജിംഗ് : ഇന്ത്യ- യു.എസ് ബന്ധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ പാകിസ്ഥാന് കൂടുതൽ സൈനിക സഹായം നല്കാൻ തയ്യാറായി ചൈന. ഇത് സംബന്ധിച്ച ചർച്ചകൾ ഇരുരാജ്യങ്ങൾക്കിടയിലും സജീവമെന്നും ഉടൻ കരാറിൽ ഒപ്പിടുമെന്നുമാണ് റിപ്പോർട്ട്. നിലവിൽ പാകിസ്ഥാന്റെ കൈവശമുള്ള ചൈനീസ് നിർമ്മിത പീരങ്കികൾ,​ ടാങ്കറുകൾ ഇവ കൂടുതലായി നല്കും.

തോക്കുകൾ ഘടിപ്പിച്ച അത്യാധുനിക സംവിധാനങ്ങളുള്ള ട്രക്കുകൾ,മസിൽ വെലോസിറ്റി റാഡറുകൾ, തുടങ്ങിയ യുദ്ധോപകരണങ്ങൾ നോറികോയിൽ നിന്നോ ചൈന നോർത്ത് ഇൻഡസ്ട്രീസിൽ നിന്നോ വാങ്ങാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. കരാറൊപ്പിട്ട ശേഷം ഘട്ടം ഘട്ടമായി ആയുധങ്ങൾ കൈമാറും.

വർഷങ്ങളായി പാകിസ്ഥാന്റെ പ്രധാന പ്രതിരോധ പങ്കാളിയാണ് ചൈന. യുദ്ധോപകരണ ശേഖരം വർദ്ധിപ്പിക്കാനും പാകിസ്ഥാന്റെ മിസൈൽ ഗവേഷണ പദ്ധതികൾക്ക് ധനസഹായം നല്കുന്നതും ചൈനയാണ്.

അതേ സമയത്ത് യു.എസിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തെക്കുറിച്ചും ചൈന പ്രതികരിച്ചു. ചൈനയ്ക്കെതിരെ ക്വാഡ് അംഗ രാജ്യങ്ങളെ ഉപയോഗിക്കാനാണ് യു.എസിന്റെ ശ്രമമെന്നും കൂടുതൽ രാജ്യങ്ങളെ ചൈനയ്കക്കെതിരെ തിരിക്കാൻ യു.എസ് ശ്രമിക്കുമെന്നും അതിൽ മറ്റ് രാജ്യങ്ങൾ വീഴരുതെന്നും ചൈന മുന്നറിയിപ്പ് നല്കി.