ഒഡിഷയിൽ ബോട്ട് മറിഞ്ഞ് മാദ്ധ്യമപ്രവർത്തകൻ മരിച്ചു

Sunday 26 September 2021 12:51 AM IST

ഭുവനേശ്വർ: ഒഡിഷയിൽ മഹാനദിയുടെ കരയിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദ്രുതകർമ സേനയുടെ ബോട്ട് മറിഞ്ഞ് ദൃശ്യമാദ്ധ്യമപ്രവർത്തകൻ അരിന്ദം ദാസ് (39) അന്തരിച്ചു. ഒഡിയ ചാനലായ ഒ.ടി.വിയുടെ ചീഫ് റിപ്പോർട്ടറായിരുന്നു. നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് പവർ ബോട്ട് മറിയുകയായിരുന്നു. ബോട്ടിൽ ദ്രുതകർമ സേനാംഗങ്ങളും അരിന്ദം ദാസും കാമറാമാനുമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപ്പെടുത്തി കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ്രകൃതി ദുരന്തങ്ങൾ, നക്സൽ ആക്രമണങ്ങൾ, മറ്റു ആക്രമണങ്ങൾ തുടങ്ങിയവ റിേപ്പാർട്ട് ചെയ്യാൻ അദ്ദേഹം നിരവധി തവണ മുന്നിട്ടിറങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ് നദിക്കരയിൽ കുടുങ്ങിയ ആനയെ രക്ഷപ്പെടുത്തുന്നത് റിപ്പോർട്ട് ചെയ്യാൻ ദ്രുതകർമ സേനയ്ക്കൊപ്പം അരിന്ദം മഹാനദിയിലെത്തിയത്. നദിയുടെ നടുക്കെത്തിയതോടെ ബോട്ട് മറിയുകയായിരുന്നു.

ഒഡിഷ ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ ദാസിന്റെ മരണത്തിൽ അനുശോചിച്ചു.