നേതൃമാറ്റം ഗുജറാത്തിലും പഞ്ചാബിലും

Sunday 26 September 2021 12:00 AM IST

സെപ്തംബർ 11 ശനിയാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെ പാർട്ടി ഹൈക്കമാൻഡ് അദ്ദേഹത്തോടു രാജി ആവശ്യപ്പെടുകയായിരുന്നു. രൂപാണി ഉടൻ രാജിക്കത്തെഴുതി ഗവർണർക്ക് സമർപ്പിച്ചു. അടുത്തദിവസം പാർട്ടി നിയമസഭാകക്ഷി ഗാന്ധിനഗറിൽ യോഗം ചേർന്ന് പുതിയ നേതാവിനെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ, ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും വിവാദ പുരുഷനുമായ പ്രഫുൽ ഖോഡ പട്ടേൽ മുതലായവർക്കാണ് മാദ്ധ്യമങ്ങൾ സാദ്ധ്യത കല്പിച്ചതെങ്കിലും തീരെ അപ്രതീക്ഷിതമായി ഭൂപേന്ദ്ര പട്ടേലിനാണ് നറുക്ക് വീണത്. മുമ്പൊരിക്കലും മന്ത്രിയായിട്ടുള്ള ആളല്ല ഭൂപേന്ദ്ര പട്ടേൽ. 2017 ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു തന്നെ. ഗുജറാത്തിൽ പോലും അത്ര അറിയപ്പെടുന്ന നേതാവുമല്ല. താനാകും അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹം സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. നിയമസഭാ കക്ഷിയോഗത്തിൽ ആറാമത്തെ വരിയിലിരുന്ന ഭൂപേന്ദ്ര പട്ടേൽ തന്റെ പേരു വിളിച്ചപ്പോൾ വേദിയിലേക്ക് കയറി വരികയും മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ സമ്മതമറിയിക്കുകയുമാണ് ചെയ്തത്. അത്രമാത്രം നാടകീയമായിരുന്നു ബി.ജെ.പി ഹൈക്കമാൻഡിന്റെ തീരുമാനം. പാർട്ടി തീരുമാനമറിഞ്ഞ് ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ വിങ്ങിപ്പൊട്ടിയെങ്കിലും വഴങ്ങുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. വിജയ് രൂപാണിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആരെയും അദ്ദേഹം തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പരമപ്രധാന സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ജന്മദേശം. ഗുജറാത്തിൽ പാട്ടീദാർ സമുദായമാണ് ബി.ജെ.പിയുടെ നട്ടെല്ല്. മാധവ് സിംഗ് സോളങ്കി മുഖ്യമന്ത്രിയായിരുന്ന 1980 - 1984 കാലഘട്ടത്തിൽ പിന്നാക്ക, ദളിത്, ആദിവാസി, മുസ്ളിം സമുദായങ്ങളുടെ ഒരു ഐക്യമുന്നണി കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപപ്പെടുകയും പ്രബല സമുദായമായ പട്ടേൽമാരെ ഒതുക്കുകയും ചെയ്തു എന്നാണ് ചരിത്രം. അതേത്തുടർന്ന് പാട്ടീദാർ (പട്ടേൽ) സമുദായക്കാർ ബി.ജെ.പിയുടെ കൊടിക്കീഴിൽ അണിനിരന്നു. കേശുഭായ് പട്ടേലായിരുന്നു അവരുടെ അനിഷേദ്ധ്യ നേതാവ്. 1989 ൽ ജനതാദളിനൊപ്പം ബി.ജെ.പി കൂട്ടു മന്ത്രിസഭ രൂപീകരിച്ചു. 1995 ആവുമ്പോഴേക്കും അവർ ഒറ്റയ്‌ക്ക് ഭരണം പിടിച്ചു. കേശുഭായ് പട്ടേൽ മുഖ്യമന്ത്രിയായി. 2001 വരെ ഗുജറാത്ത് ബി.ജെ.പിയിൽ മുടിചൂടാ മന്നനായിരുന്നു കേശുഭായ്. 2001 ജനുവരിയിലെ കച്ച് ഭൂകമ്പത്തിനുശേഷം കേശുഭായിയുടെ പ്രതിഛായ മങ്ങി. അദ്ദേഹത്തിന്റെ സ്ഥാനത്ത് നരേന്ദ്രമോദി മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടു. അന്നുമുതൽ പട്ടേൽ സമുദായം പിണക്കത്തിലാണ്. അവർക്ക് ബി.ജെ.പിയെ വിട്ടുപോകാനും വയ്യ, മോദിയുടെ നേതൃത്വം അംഗീകരിക്കാനും വയ്യ. ഒരുഘട്ടത്തിൽ കേശുഭായ് ബി.ജെ.പി വിട്ട് ഒരു പ്രാദേശികപാർട്ടി രൂപീകരിച്ചെങ്കിലും വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം തന്നെയും മോദിയുടെ നേതൃത്വം അംഗീകരിക്കേണ്ടതായി വന്നു. 2014 ൽ മോദി പ്രധാനമന്ത്രിയായി ഡെൽഹിക്കു പോകുമ്പോൾ പാട്ടീദാർ സമുദായക്കാരിയായ ആനന്ദിബെൻ പട്ടേലിനെ പിൻഗാമിയാക്കി വാഴിച്ചു. എന്നാൽ കഷ്ടിച്ച് ഒന്നേകാൽ വർഷത്തിനപ്പുറം ആ മന്ത്രിസഭയ്ക്ക് ആയുസുണ്ടായില്ല. ആനന്ദിബെൻ തീർത്തും അപ്രാപ്തയെന്ന് തെളിഞ്ഞതിനാൽ മോദി - അമിത് ഷാ ടീം വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി നിയോഗിച്ചു. ജൈനമതക്കാരനാണ് രൂപാണി. അതുകൊണ്ട് നിധിൻ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തീരുമാനിച്ചു. അവരുടെ നേതൃത്വത്തിലും മോദി - ഷാ ടീമിന്റെ മേൽനോട്ടത്തിലുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം നിലനിറുത്തിയത്. ഇപ്പോൾ രൂപാണിയുടെ പ്രതിഛായയും മങ്ങിയിരിക്കുന്നു. കൊവിഡിന്റെ രണ്ടാംതരംഗം നേരിടുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്നു വിമർശനമുയരുകയും ചെയ്തു. ഇൗ സാഹചര്യത്തിലാണ് വളരെപ്പെട്ടെന്ന് മുഖ്യമന്ത്രിയെ മാറ്റി പുതിയൊരാളെ നിയോഗിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. മാത്രമല്ല, പ്രബലമായ പട്ടേൽ സമുദായത്തെ പ്രീണിപ്പിക്കാതെ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്നു നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അറിയാം. 15 മാസങ്ങൾക്കപ്പുറം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. അപ്പോൾ പട്ടേൽ സമുദായത്തിൽ നിന്ന് കളങ്കിതനല്ലാത്ത ഒരു നേതാവ് പാർട്ടിയുടെ അമരത്ത് ഉണ്ടാകുന്നതാണ് ഉചിതമെന്ന് അവർ തീരുമാനിച്ചു. അങ്ങനെ ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന്റെ ഭാഗ്യവിധാതാവായി.

കൃത്യം ഒരാഴ്ച കഴിഞ്ഞ് സെപ്തംബർ 18 ന് ശനിയാഴ്ച കോൺഗ്രസ് ഹൈക്കമാൻഡ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനോടു രാജി ആവശ്യപ്പെട്ടു. അദ്ദേഹം തീർത്തും ക്ഷുഭിതനായി. പാർട്ടി തന്നെ മൂന്നാമതും അവഹേളിച്ചെന്ന് പരാതിപ്പെട്ടു. എന്നാലും രാജിവെക്കാനുള്ള മഹാമനസ്‌കത പ്രകടിപ്പിച്ചു. പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയിൽ പൊട്ടലും ചീറ്റലും തുടങ്ങിയിട്ട് മാസങ്ങൾ പലതായി. ബി.ജെ.പിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിൽ വന്ന പഴയ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു പാർട്ടിയിൽ പുതിയൊരു ഗ്രൂപ്പുണ്ടാക്കി ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ നേടിയെടുക്കുകയും ചെയ്തിരുന്നു. പാർട്ടി ഹൈക്കമാൻഡും സിദ്ദുവിനെ പിണക്കാൻ തയ്യാറായിരുന്നില്ല. ക്യാപ്ടൻ അമരീന്ദർ സിംഗ് വളരെ പാരമ്പര്യമുള്ള നേതാവാണ്. പാട്യാലയിലെ അവസാനത്തെ മഹാരാജാവിന്റെ മകൻ. 1965 ലെ യുദ്ധത്തിൽ പാകിസ്ഥാനോടു പൊരുതിയ ധീര സൈനികൻ. പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയിൽ ഏറ്റവും തലയെടുപ്പുള്ള നേതാവ്. സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം അദ്ദേഹം ആദ്യം അകാലിദളിലാണ് ചേർന്നത്. പിന്നീട് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. 2002 - 2007 കാലയളവിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 2017 ൽ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരം വീണ്ടെടുത്തത്. പ്രതീക്ഷിച്ചതുപോലെ അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. അങ്ങനെ അമരീന്ദർ പാർട്ടിയിൽ ഏകഛത്രാധിപതിയായി വിരാജിക്കുമ്പോഴാണ് ബി.ജെ.പിയിൽ നിന്ന് വേലിപൊളിച്ചു വന്ന നവജ്യോത്‌സിംഗ് സിദ്ദു പുതിയ ഗ്രൂപ്പുണ്ടാക്കുന്നതും ഭൂരിപക്ഷം എം.എൽ.എമാരെ വശത്താക്കുന്നതും. തന്നെ പി.സി.സി പ്രസിഡന്റാക്കണം എന്നായിരുന്നു സിദ്ദുവിന്റെ ആദ്യത്തെ ആവശ്യം. അമരീന്ദർ എതിർത്തെങ്കിലും ഹൈക്കമാൻഡിന് വഴങ്ങേണ്ടി വന്നു. അങ്ങനെ സിദ്ദു പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ കഴിയുമെന്ന് അമരീന്ദർ പ്രതീക്ഷിച്ചു. എന്നാൽ അതും അട്ടിമറിച്ചുകൊണ്ടാണ് ഡെൽഹിയിൽ നിന്ന് വിളിവന്നത്. ഉടൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണം. അമരീന്ദർ പ്രകോപിതനായതിൽ യാതൊരു അത്ഭുതവുമില്ല. അങ്ങനെ അപമാനം സഹിച്ച് പാർട്ടിയിലോ ഭരണത്തിലോ തുടരുന്നയാളല്ല അദ്ദേഹം.

അമരീന്ദറിന്റെ പിൻഗാമി ആരാകണം എന്നതിനെക്കുറിച്ചും വലിയ തർക്കമുണ്ടായി. മുതിർന്ന നേതാവ് അംബികാ സോണി, മുൻ പി.സി.സി പ്രസിഡന്റ് സുനിൽ ജഖർ, പ്രതാപ് ബാജ്‌വ, സുഖ്ജീന്ദർസിംഗ് രന്ധാവ എന്നിവരുടെ പേരുകളാണ് മാദ്ധ്യമങ്ങൾ ശക്തമായി അവതരിപ്പിച്ചത്. നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിയാകാൻ താൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് അമരീന്ദർ സിംഗ് ആദ്യമേ ഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഉറ്റ സുഹൃത്താണ് സിദ്ദുവെന്നും അദ്ദേഹം ദേശവിരുദ്ധനാണെന്നും കൂടി അമരീന്ദർ ആരോപിച്ചു. മുഖ്യമന്ത്രിയാകാൻ താനില്ലെന്ന് അംബികാ സോണി മഹാമനസ്‌കത പ്രകടിപ്പിച്ചു. ഹിന്ദുമതക്കാരൻ എന്ന കാരണത്താൽ സുനിൽ ജഖറും തഴയപ്പെട്ടു. അങ്ങനെ സുഖ്ജീന്ദർസിംഗ് രന്ധാവ മുഖ്യമന്ത്രിസ്ഥാനത്തിന് തൊട്ടടുത്തുവരെ എത്തി. എന്നാൽ ജാട്ട് - സിഖ് വിഭാഗത്തിൽ നിന്ന് താനല്ലാതെ മറ്റൊരാൾ താത്കാലികമായെങ്കിലും മുഖ്യമന്ത്രിയാകാൻ പാടില്ലെന്ന് നവജ്യോത് സിംഗ് സിദ്ദു അറത്തുമുറിച്ച് പറഞ്ഞു. ദളിത് സിഖ് വിഭാഗക്കാരനായ ചരൺജിത് സിംഗ് ഛന്നയ്ക്ക് നറുക്കുവീണു. ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ എന്നപോലെ പഞ്ചാബിൽ ചരൺജിത് സിംഗ് ഛന്നയും സ്ഥാനലബ്‌ധിയിൽ വിസ്മയിച്ചു.

നടുക്കടലിൽ വച്ച് കപ്പിത്താനെ മാറ്റരുതെന്നാണ് നാവികർക്കിടയിലുള്ള ചൊല്ല്. രാഷ്ട്രീയത്തിലും ഇതു വലിയൊരു പരിധിവരെ ശരിയാണ്. 1995 ൽ കെ. കരുണാകരനെ മാറ്റി എ.കെ. ആന്റണിയെ കൊണ്ടു വന്നതുകൊണ്ടോ 2004 ൽ ആന്റണിയെ മാറ്റി ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു കൊണ്ടോ കേരളത്തിൽ യു.ഡി.എഫിന് അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിഞ്ഞില്ല. മറ്റു സംസ്ഥാനങ്ങളിലും ഏറെക്കുറേ ഇതുതന്നെയാണ് ചരിത്രം നൽകുന്ന പാഠം. ആദ്യകാലത്ത് കോൺഗ്രസാണ് ഇത്തരം അഭ്യാസങ്ങൾ പയറ്റിയിരുന്നത്. പിന്നീട് ബി.ജെ.പിയും അതുതന്നെ ആവർത്തിച്ചു. 1998 ൽ ഡൽഹി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാഹിബ് സിംഗ് വർമ്മയെ മാറ്റി സുഷമ സ്വരാജിനെ മുഖ്യമന്ത്രിയാക്കിയതാണ് ബി.ജെ.പിയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭം. പക്ഷേ, തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വന്നു. പിന്നീട് ഉത്തർപ്രദേശിലും ഉത്തരഖണ്ഡിലും ഹിമാചലിലുമൊക്കെ ഇതേ നടപടി പാർട്ടി നേതൃത്വം കൈക്കൊണ്ടു. മിക്കവാറും എല്ലായിടത്തും പരാജയം തന്നെ നേരിട്ടു. കോൺഗ്രസാണെങ്കിൽ പരമ്പരാഗത ശൈലിയിൽ ഒരു മാറ്റവും വരുത്താൻ തയ്യാറല്ല. തിരഞ്ഞെടുപ്പു പരാജയം സംശയിക്കുമ്പോഴൊക്കെ മുഖ്യമന്ത്രിമാരെ മാറ്റി പകരക്കാരെ കൊണ്ടുവന്നു. എന്നിട്ടും തോൽവിയുടെ ഭാരം ലഘൂകരിക്കാൻ കഴിഞ്ഞില്ല.

1978 -83 കാലഘട്ടത്തിൽ ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രിമാർ മാറിമാറി വന്നു. തുടക്കത്തിൽ എം. ചെന്നറെഡ്ഡി, പിന്നെ ടി. അഞ്ജയ്യ, അതുകഴിഞ്ഞ് ബി. വെങ്കിട്ടരാമറെഡ്ഡി, ഏറ്റവും ഒടുവിൽ കെ. വിജയഭാസ്‌കർ റെഡ്ഡി. നിരന്തരമായ നേതൃമാറ്റം തെലുങ്കരുടെ ആത്മാഭിമാനത്തെ തന്നെ സ്പർശിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ എൻ.ടി. രാമറാവുവിന്റെ തെലുങ്കുദേശം പാർട്ടി അധികാരത്തിൽ വന്നു. 1995 -99 കാലത്ത് ജെ.ബി. പട്നായിക്കായിരുന്നു ഒറീസയിലെ കോൺഗ്രസ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രതിഛായ മങ്ങിയെന്ന് ഹൈക്കമാൻഡിന് തോന്നിയപ്പോൾ ഗിരിധർ ഗമാങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചു. ഏതാനും മാസങ്ങൾക്കുശേഷം ഗമാങ്ങിനെയും മടുത്തു. പകരം ഹേമാനന്ദ് ബിസ്വാൾ മുഖ്യമന്ത്രിയായി. ഗമാങ്ങിന് കഷ്ടിച്ചു പത്തുമാസവും ബിസ്വാളിന് വെറും മൂന്നു മാസവുമേ മുഖ്യമന്ത്രിയായിരിക്കാൻ കഴിഞ്ഞുള്ളൂ. അടിക്കടി മുഖ്യമന്ത്രിമാരെ മാറ്റിയതു കൊണ്ട് സംസ്ഥാനത്തിനോ പാർട്ടിക്കോ വിശേഷിച്ച് യാതൊരു മേന്മയുമുണ്ടായില്ല. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അമ്പേ പരാജയപ്പെട്ടു. അന്നുമുതൽ ഇന്നുവരെ അവർക്ക് ഭരണത്തിൽ തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം പോലും നഷ്ടമായിരിക്കുന്നു. ചരൺജിത് സിംഗ് ഛന്ന പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് എന്നതു വലിയൊരു നേട്ടമായി കോൺഗ്രസ് അവതരിപ്പിക്കുന്നു. അക്കാരണം കൊണ്ടുതന്നെ സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന ദളിതരുടെ വോട്ട് അടുത്ത തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുകയും ചെയ്യുന്നു. മുമ്പ് ആന്ധ്രപ്രദേശിൽ ഡി. സഞ്ജീവയ്യയും (1960 -62) രാജസ്ഥാനിൽ ജഗന്നാഥ് പഹാഡിയയും (1980 - 81) മുഖ്യമന്ത്രിമാരായിട്ടുണ്ട്. പക്ഷേ അവർക്കാർക്കും അധികകാലം തുടരാൻ കഴിഞ്ഞില്ലെന്നാണ് ചരിത്രം. മഹാരാഷ്ട്രയിൽ വിലാസ്റാവു ദേശ്‌മുഖിനെ മാറ്റിയപ്പോൾ സുശീൽ കുമാർ ഷിൻഡെ ഏതാനും മാസം മുഖ്യമന്ത്രിയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയെങ്കിലും ഷിൻഡെയ്ക്ക് തുടരാൻ കഴിഞ്ഞില്ല. പകരം വിലാസ് റാവു തന്നെ മുഖ്യമന്ത്രിയായി. നാലുമാസത്തിനപ്പുറം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും ചരൺജിത് സിംഗ് ഛന്നയായിരിക്കില്ല മുഖ്യമന്ത്രി. മിക്കവാറും നവജ്യോത്‌സിംഗ് സിദ്ദു തന്നെയായിരിക്കും. ഇതേയുള്ളൂ കോൺഗ്രസിന്റെ ദളിത് സ്നേഹം.

അകാലിദൾ - ബി.ജെ.പി സഖ്യം തകർന്ന നിലയ്ക്ക് പഞ്ചാബിൽ കോൺഗ്രസ് അധികാരം നിലനിറുത്താൻ നല്ല സാദ്ധ്യതയുണ്ടായിരുന്നു. ശിരോമണി അകാലിദൾ അല്ല ഇപ്പോൾ ആം ആദ്മി പാർട്ടിയാണ് കോൺഗ്രസിന്റെ പ്രധാന എതിരാളി. ക്യാപ്ടൻ അമരീന്ദർ സിംഗിനെപ്പോലെ കരുത്തനായ നായകനെയായിരുന്നു പാർട്ടിക്ക് ഇൗ ഘട്ടത്തിൽ ആവശ്യം. പക്ഷേ നവജ്യോത് സിംഗ് സിദ്ദുവിന് നിയമസഭാ കക്ഷിയിലും ഹൈക്കമാൻഡിലും സ്വാധീനമുള്ളതുകൊണ്ട് അമരീന്ദറിന് തുടരാൻ കഴിയാതെ പോയി. ഇപ്പോഴത്തെ നിലയ്ക്ക് വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നിലനിറുത്താൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഗുജറാത്തോ ആന്ധ്രാപ്രദേശോ പോലെയുള്ള സംസ്ഥാനമല്ല പഞ്ചാബ്. വിഭജനവാദത്തിന്റെയും വിഘടനവാദത്തിന്റെയും കനലുകൾ അവിടെ ഇപ്പോഴും ചാരം മൂടിക്കിടപ്പുണ്ട്. അതിർത്തിക്കപ്പുറത്ത് പാകിസ്ഥാൻ ഇന്ത്യയെ ഭിന്നിപ്പിക്കാനും ശിഥിലമാക്കാനും പദ്ധതികൾ മെനയുന്നു. കർഷക സമരത്തിന്റെ കൊടിക്കീഴിൽ പഴയ ഖാലിസ്ഥാൻ വാദം പൊടിതട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അധികാരത്തിൽ തിരിച്ചുവരാൻ സാദ്ധ്യത കുറഞ്ഞ അകാലിദൾ പഴയ അനന്തപൂർ സാഹിബ് പ്രമേയം പൊടിതട്ടിയെടുക്കാനും സാദ്ധ്യതയുണ്ട്. ഇങ്ങനെയൊരു സന്നിഗ്ദ്ധ അവസ്ഥയിൽ പഞ്ചാബിൽ ഒരു ഉറച്ച സർക്കാരാണ് ഉണ്ടാകേണ്ടത്. അതു മനസിലാക്കാതെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇൗ കൈവിട്ട കളിക്ക് ഒരുങ്ങുന്നത്. ഇതിന്റെ പ്രത്യാഘാതം കോൺഗ്രസിനു മാത്രമല്ല, സംസ്ഥാനത്തിനും രാജ്യത്തിനാകമാനവും പ്രധാനമായിരിക്കും.

Advertisement
Advertisement