സി പി എം ഭരണത്തിൽ വന്നതോടെ സഖാക്കൾക്ക് അത്തരത്തിലൊരു മോഹം തോന്നിത്തുടങ്ങി, അതാണ് പാർട്ടിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ദോഷമെന്ന് സി പി എം

Sunday 26 September 2021 9:44 AM IST

കാസർകോട്: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി നേതാക്കൾ അധികാര സ്ഥാനങ്ങളും പദവികളും കൊതിക്കുന്നത് ദോഷം ചെയ്യുന്നതായി സി.പി.എമ്മിന്റെ പാർട്ടി കത്ത്. സഖാക്കൾ പാർലമെന്ററി വ്യാമോഹങ്ങൾക്ക് ഇരയാകുന്നതിനും പദവികൾ കൊതിക്കുന്നതിനും എതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും കത്ത് നൽകുന്നു.

പാർട്ടി കോൺഗ്രസിനു മുന്നോടിയായി കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലുകൾ തയ്യാറാക്കി ബ്രാഞ്ച് വരെയുള്ള ഘടകങ്ങൾക്ക് നൽകിയ പാർട്ടി കത്തിലാണ് സഖാക്കളുടെ അധികാര മോഹങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നത്. സി.പി. എം നേതൃത്വം നൽകുന്ന ഭരണസംവിധാനം കേരളത്തിൽ അധികാരത്തിൽ വരുമ്പോഴൊക്കെ സഖാക്കൾ സ്വന്തമായി സ്ഥാനങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നു. താഴെത്തട്ടിലുള്ള അണികളും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം കുറയുന്നതിന് അധികാര മോഹം കാരണമാകുന്നു എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ചൊല്ലി പാർട്ടി സഖാക്കൾ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചതുപോലുള്ള തെറ്റായ പ്രവണതകൾ കാണപ്പെട്ടത് സഖാക്കൾ പദവികൾ മോഹിക്കുന്നതിന്റെ ഫലമാണെന്ന് കുറ്റ്യാടി, പൊന്നാനി മണ്ഡലങ്ങളുടെ പേരെടുത്തു പറയാതെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിലെയും പരസ്യപ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾ എടുത്ത കാര്യവും കത്തിൽ പരാമർശിക്കുന്നു. ഏതാനും സ്ഥലങ്ങളിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചു. ഈ പ്രവണതകൾ നിയന്ത്രിക്കപ്പെടുകയും ദൃഢമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുകയും വേണം. ഈ വ്യതിയാനങ്ങളെ തടയാൻ പാർട്ടി തെറ്റുതിരുത്തൽ കാമ്പയിനുകൾ നടത്തേണ്ടതാണെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

ഒരു പാർട്ടി എന്ന നിലയിൽ പാർലമെന്ററി വ്യതിയാനങ്ങൾക്കെതിരെയും നാം പോരാടണമെന്ന് കത്തിൽ വിശദീകരിക്കുന്നു. കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിനു ശേഷമാണ് പാർട്ടി കത്ത് തയ്യാറാക്കിയത്.

Advertisement
Advertisement