'ആർഎസ്എസ് സ്‌കൂളുകളിൽ മറ്റുമതങ്ങളെക്കുറിച്ച് കുട്ടികളുടെയുള‌ളിൽ വിദ്വേഷം നിറയ്‌ക്കുന്നു, രാഷ്‌ട്രീയലാഭത്തിന് ഹിന്ദുമതത്തെ ഉപയോഗിക്കുന്നു'; ആഞ്ഞടിച്ച് ദിഗ്‌വിജയ് സിംഗ്

Sunday 26 September 2021 12:10 PM IST

ഭോപാൽ: ആർഎസ്‌എസിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാജ്യസഭാംഗവും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗ്. ആർഎസ്‌എസ് ഉടമസ്ഥതയിലുള‌ള സരസ്വതി ശിശു മന്ദിർ സ്‌കൂളുകളിൽ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അന്യമതങ്ങളെ കുറിച്ച് വിദ്വേഷവും വെറുപ്പും കുത്തിനിറയ്‌ക്കുന്നുവെന്ന് ഭോപാൽ നീലം പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

'ആർഎസ്‌എസ് ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നില്ല. രാഷ്‌ട്രീയലാഭത്തിന് വേണ്ടി അവർ ഹിന്ദുമതത്തെയും സനാതന ധർമ്മത്തെയും ദുരുപയോഗം ചെയ്യുകയാണ്. ഇത് എതിർക്കപ്പെടേണ്ടതാണ്. മഗാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ അവർ ന്യായീകരിക്കുകയാണ്.' ദിഗ്‌വിജയ്‌ സിംഗ് അഭിപ്രായപ്പെട്ടു.

ചിലപ്പോൾ കോൺഗ്രസിനുള‌ളിൽ നിന്ന് തന്നെ എന്തിനാണ് എപ്പോഴും ആർഎസ്‌എസിനെതിരെ സംസാരിക്കുന്നതെന്ന് തനിക്കുനേരെ ചോദ്യമുയർന്നിട്ടുണ്ടെന്നും എന്നാൽ ഈ പ്രത്യയശാസ്‌ത്രമാണ് ഗാന്ധിജിയുടെ വധത്തിന് കാരണമായതെന്നും ഈ സംഘടനയ്‌ക്ക് രജിസ്‌ട്രേഷൻ ഇല്ല, അംഗത്വം ഇല്ല, ആരെയെങ്കിലും പിടികൂടിയാൽ അവർക്ക് സംഘത്തിലെ അംഗമെന്ന് കാണിക്കാൻ തെളിവൊന്നുമില്ലെന്നും ദിഗ്‌വിജയ് സിംഗ് പരിഹസിച്ചു.

'ഹിന്ദുക്കളെ ഇളക്കി അവർ സംഘം സ്ഥാപിച്ചു. പിന്നെ ഹിന്ദു മഹാസഭ ഉണ്ടാക്കി. അതിനുശേഷം ആന്റമാനിൽ നിന്ന് സവർക്കറെ പുറത്തുകൊണ്ടുവന്നു. പിന്നെ ബ്രിട്ടീഷുകാർക്ക് അനുസരിച്ച് അവരുടെ മനസ് നിറയ്‌ക്കാനും തുടങ്ങി.' ആർഎസ്‌എസിനെ സിംഗ് കുറ്റപ്പെടുത്തി. മുൻപും ആർ‌എസ്‌എസിനെ താലിബാനോട് ഉപമിച്ച് ദിഗ്‌വിജയ് സിംഗ് അഭിപ്രായപ്രകടനം നടത്തിയിരുന്നു. മോഹൻഭഗവതിന്റെ പരാമർശങ്ങളെ സൂചിപ്പിച്ചാണ് സിംഗ് തന്റെ അഭിപ്രായം അന്ന് പറഞ്ഞത്.