വൈക്കത്ത് യുവാവും യുവതിയും ഒരേമരത്തിൽ തൂങ്ങിമരിച്ചു; കാരണം പ്രണയബന്ധം ബന്ധുക്കൾ എതിർത്തതെന്ന് സൂചന

Sunday 26 September 2021 2:34 PM IST

കോട്ടയം: വൈക്കത്ത് യുവാവും യുവതിയും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകൻ അമർജിത്ത്(23), വടക്കേ ബ്ളായിത്തറ കൃഷ്‌ണകുമാറിന്റെ മകൾ കൃഷ്‌ണപ്രിയ (21) എന്നിവരെയാണ് ഗുരുമന്ദിരത്തിന് സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കാടുപിടിച്ചുകിടന്ന പറമ്പിലെ മരത്തിൽ തൂങ്ങിയനിലയിൽ അയൽവാസി മനോജാണ് ഇവരുടെ മൃതദേഹം കണ്ടത്. ഏറെ ഉയരമില്ലാത്ത ശാഖയിലാണ് ഇരുവരും തൂങ്ങിമരിച്ചത്. ഇവരെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇവർ തമ്മിലെ പ്രണയം ബന്ധുക്കൾ എതിർത്തതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. മറ്റ് സംശയിക്കത്തക്കതായി ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ തമ്മിൽ പ്രണയമായിരുന്നു എന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. പ്രണയമായിരുന്നെന്ന് തങ്ങൾ അറിഞ്ഞെങ്കിൽ വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്ന് കൃഷ്‌ണപ്രിയയുടെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വൈക്കം ഡിവൈ‌എസ്‌പി വ്യക്തമാക്കി. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം ജോലിക്കായി ശ്രമിക്കുകയായിരുന്നു അമർജിത്ത്. എയർഹോസ്‌റ്റസ് വിദ്യാർത്ഥിനിയാണ് കൃഷ്‌ണപ്രിയ.