ഗുലാബ് ചുഴലിക്കാറ്റ് അല്പസമയത്തിനകം തീരം തൊടും, നൂറുകണക്കിനുപേരെ ഒഴിപ്പിച്ചു, കേരളത്തിലും മഴ മുന്നറിയിപ്പ്

Sunday 26 September 2021 4:16 PM IST

ന്യൂഡൽഹി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. 65 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാദ്ധ്യത. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ഒഡീഷയില്‍ മാത്രം ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയെന്നാണ് കരുതുന്നത്. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു.

ഗുലാബ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ ഈ മാസം 28 വരെ കാര്യമായ രീതിയിൽ മഴലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ലഭിക്കുക. കാലാവസ്ഥ പ്രക്ഷുബ്‌ദ്ധമാവാനുള്ള സാദ്ധ്യത ഉള്ളതിനാൽ 26 മുതൽ 27 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.