പഞ്ചാബിൽ 15 അംഗ മന്ത്രിസഭ, ആറ് പുതുമുഖങ്ങൾ

Monday 27 September 2021 2:32 AM IST

ചണ്ഡിഗഢ്:പഞ്ചാബിൽ ആറ് പുതുമുഖങ്ങളെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ഇതോടെ 15 അംഗങ്ങളുള്ള മന്ത്രിസഭയാണ് നിലവിലുണ്ടാവുക. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ നിലനിറുത്തുകയും ചെയ്തു. ബ്രഹ്മം മോഹിന്ദ്ര, മൻപ്രീത് സിംഗ് ബാദൽ, ത്രിപ്ത് രജിന്ദർ സിംഗ് ബജ്‌വ, സുഖ്‌വിന്ദ‌ർ സിംഗ് സർക്കാരിയ, റാണ ഗുർജീത് സിംഗ്, അരുണ ചൗധരി, റസിയ സുൽത്താന, ഭാരത് ഭൂഷൺ അഷു, വിജയ് ഇന്ദർ സിംഗ്ല, രൺദീപ് സിംഗ് നഭ, രാജ്കുമാർ‌ വെ‌ർക്ക, സംഗിത് സിംഗ് ഗ്ലിസിയൻ, പർഘത് സിംഗ്, അമദീന്ദ‌ർ സിംഗ് രാജ വാരിംഗ്, ഗുഘ്റിയത് സിംഗ് കോട്ടീൽ എന്നിവരാണ് ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. നഭ, വെർക്ക, ഗ്ലിസിയൻ, വാരിംഗ്, കോട്ടീൽ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. സംസ്ഥാനത്ത് ഏതാനും മാസങ്ങൾക്കകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കയൊണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പുറത്താക്കപ്പെട്ട ചില മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. മന്ത്രിസഭയിൽ ഇടം ലഭിക്കാത്തവർക്ക് മറ്റ് ചുമതലകൾ നൽകുമെന്ന് പഞ്ചാബ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, അമരീന്ദർ സിംഗ് മന്ത്രിസഭയിൽ അംഗവും പഞ്ചാബിലെ ഏറ്റവും ധനികനായ എം.എല്‍.എമാരിൽ ഒരാളുമായ ഗുർജീത്തിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടർന്നാണ് ഗുർജീത്തിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്.

ഗുർജീത്തിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറ് എം.എൽ.എമാർ കോൺഗ്രസ് അദ്ധ്യക്ഷന് കത്തെഴുതിയിട്ടുണ്ട്.

Advertisement
Advertisement