ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടു,​ 95 കി.മീ വേഗം,​ കേരളത്തിലും കനത്ത മഴ തുടരുന്നു

Sunday 26 September 2021 6:59 PM IST

ഭുബനേശ്വര്‍: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. 96 കിലോമീറ്റർ വേഗതയാണ് തീരം തൊടുമ്പോൾ ചുഴലിക്കാറ്റിനുള്ളത്. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണമായും കരയില്‍ പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക.

ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര,​ ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒഡീഷയില്‍ കനത്ത നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗജപതിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മലയോരമേഖലയില്‍ നിന്ന് 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒഡീഷയിലെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്

.

കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അ‍ലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്.

നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി .

Advertisement
Advertisement