മരിച്ച ബിജെപി നേതാവിനെ ചത്ത നായയോട് ഉപമിച്ചു, മമത ബാനർജിക്കെതിരെ പ്രതിഷേധം

Sunday 26 September 2021 7:06 PM IST

കൊൽക്കത്ത: മരണപ്പെട്ട ബി.ജെ.പി നേതാവ് മാനസ് സാഹയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചത്ത നായയോട് ഉപമിച്ച ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രതിഷേധം. ഇതിനെ ഭാഗമായി ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രേവലും മറ്റ് നേതാക്കളും ചേർന്ന് തെക്കൻ കൊൽക്കത്തയിലെ ഹസ്ര കോർസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

വെള്ളിയാഴ്ച ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമത വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്. ഇന്നലെ ഞാൻ ഒരു മീറ്റിംഗിന് പോയപ്പോൾ, അവർ (ബി.ജെപി പ്രവർത്തകർ) മൃതദേഹവുമായി എന്റെ വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചു എന്ന് കേട്ടു. ഞാൻ നിങ്ങളുടെ വീട്ടിൽ ചത്ത നായയെ അയച്ചാലോ? എന്ത് സംഭവിക്കും? എനിക്ക് ആവശ്യമായ ജനശക്തി ഉണ്ടെന്ന് നിങ്ങൾ കരുതുന്നില്ലേ? നിങ്ങളുടെ വീടിന് പുറത്ത് ഒരു ചീഞ്ഞ നായയെ തള്ളാൻ ഒരു സെക്കൻഡ് എടുക്കും, നിങ്ങൾക്ക് 10 ദിവസത്തേക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല (​ഗന്ധം കാരണം) എന്നും മമത മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച രാവിലെ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത് മജുംദാർ, ലോക്സഭാംഗങ്ങളായ അർജുൻ സിംഗ്, ജ്യോതിർമോയ് സിംഗ് മഹാതോ, തിബ്രെവാൾ എന്നിവർക്കെതിരെ പൊതുസേവകരുടെ ഡ്യൂട്ടി തടസപ്പെടുത്തുന്നതിനായി നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം, ബലപ്രയോ​ഗം എന്നിവയ്ക്ക് കാളിഘട്ട് പൊലീസ് കേസെടുത്തിരുന്നു. വ്യാഴാഴ്ച, മഗർഹട്ട് വെസ്റ്റ് സീറ്റിൽ പരാജയപ്പെട്ട സാഹയുടെ മൃതദേഹവുമായി പ്രതിഷേധം നടത്താൻ ശ്രമിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

മരിച്ച ബി.ജെ.പി നേതാവ് സാഹ 2021ലെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മഗർഹട്ട് വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എതിരാളിയായ ടി.എം.സി നേതാവ് സിയാസ് ഉദ്ദിൻ മൊല്ലയോട് 18,410 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, മേയ് രണ്ടിന് (വോട്ടെണ്ണൽ ദിവസം) നടന്ന ഗുണ്ട ആക്രമണത്തിൽ സാഹയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സെപ്തംബർ 22 ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.

Advertisement
Advertisement